ad
Deshabhimani

തോട്ടിലെ ഒഴുക്കിൽപ്പെട്ട് 2 വയസുകാരൻ മരിച്ചു; മലപ്പുറത്ത് പൊലിഞ്ഞത് രണ്ട് കുരുന്നു ജീവൻ

Child Death

അബ്ദുൾ മുഹയിൻ

വെബ് ഡെസ്ക്

Published on Aug 01, 2026, 06:38 PM | 1 min read

വണ്ടൂർ: തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി അബ്ദുൾ മുനീറിന്റെ മകൻ അബ്ദുൾ മുഹയിൻ ആണ് മരിച്ചത്. വണ്ടൂർ എറിയാട് കണ്ടമംഗലത്താണ് സംഭവം. എറിയാട് കണ്ടമംഗലത്തെ മാതാവ് നൊട്ടൻ വീട്ടിൽ തസ്ലിമബാനു വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു കുടുംബം. തോടിന് സമീപം കളിച്ചുകൊണ്ടിരിക്കെ കുട്ടി കാൽതെറ്റി തോട്ടിലേയ്ക്ക് വീണതായിരിക്കാമെന്നാണ് നി​ഗമനം. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം.


കുട്ടിയെ കാണാതായതിനെ തുടർന്ന് കു‌ടുംബവും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്റർ താഴെയുള്ള കോട്ടോല തോട്ടിൽ വെച്ച് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് തിരുവാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് പെയ്ത കനത്ത മഴയെ കുടർന്ന് തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.


നേരത്തെ മലപ്പുറം കൊണ്ടാട്ടിയിലെ നീറാട് കൂനയിൽ ഭാഗത്ത് നാലു വയസുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശി ഹമീദ്-നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്. കൊണ്ടോട്ടിയിലെ നീറാട് തോട്ടിലേയ്ക്കാണ് ആദം വീണത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home