പുതുവർഷത്തെ വരവേറ്റ് ലോകം

വെല്ലിങ്‌ടൺ
വംശഹത്യയുടെയും സംഘര്‍ഷങ്ങളുടെയും കെടുതികളിലാണെങ്കിലും, നല്ല നാളുകളുടെ പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രം കിരിബാത്തിയാണ് 2025നെ ആദ്യം വരവേറ്റത്. ഇന്ത്യയിൽ പുതുവർഷം പിറക്കുന്നിതിന് എട്ടര മണിക്കൂർ മുമ്പേ കിരിബാത്തി ദ്വീപ് 2025ലേക്ക് കടന്നു. വെടിക്കെട്ടും സംഗീത പരിപാടികളുമായി ആയിരുന്നു പുതുവത്സര ആഘോഷം. മറ്റിടങ്ങൾക്കുംമുമ്പേ പുതുവർഷത്തെ വരവേൽക്കാൻ പല രാജ്യങ്ങളിൽനിന്നും സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു.
കിരിബാത്തിക്ക് പിന്നാലെ ന്യൂസീലാൻഡിലും പസിഫിക് ദ്വീപുകളായ ടോകെലൗ, ടോംഗ എന്നിവിടങ്ങളിലും പുതുവർഷമെത്തി. 2025നെ വരവേറ്റ ആദ്യ പ്രധാന നഗരമായ ഓക്ക്‌ലൻഡിൽ ആയിരങ്ങളാണ് ആഘോഷങ്ങൾക്കായി ഒത്തുചേർന്നത്.
അമേരിക്കയിൽ പുതുവർഷം എത്തുന്നതിന് 18 മണിക്കൂർ മുമ്പായിരുന്നു ഓക്ക്‌ലൻഡിൽ പുതുവർഷം ആഘോഷിച്ചത്. സിഡ്‌നി തുറമുഖത്ത് വെടിക്കെട്ട് കാണാനായി പത്തുലക്ഷം പേരാണ് എത്തിയത്. ബാങ്കോക്ക് തുടങ്ങി വൻ നഗരങ്ങളിലെല്ലാം വെടിക്കെട്ടുകളും സംഗീതപരിപാടികളും സംഘടിപ്പിച്ചിരുന്നു. വിവിധ രാഷ്ട്രത്തലവന്മാർ പുതുവർഷ ആശംസകൾ നേർന്നു.
പോർട്ടോ റിക്കോയിൽ വെളിച്ചമില്ലാതെ പുതുവത്സരരാത്രി
അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ദ്വീപായ പോർട്ടോ റിക്കോയിൽ വൈദ്യുതിയില്ലാതെ പുതുവത്സരരാത്രി. ദ്വീപിൽ വൈദ്യുതി എത്തിക്കുന്ന സ്വകാര്യകമ്പനിയായ ലൂമ എനർജിയുടെ ഉപഭോക്താക്കളിൽ പന്ത്രണ്ടുലക്ഷത്തോളംപേർക്ക് ചൊവ്വാഴ്‌ച വൈദ്യുതി ലഭിച്ചില്ല. പോർട്ടോ റിക്കോയുടെ ആകെ ജനസംഖ്യയുടെ പകുതിയോളം വരുമിത്. വ്യാപകമായ പവർക്കട്ടിന്റെ കാരണമെന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2017ലെ മരിയ ചുഴലിക്കാറ്റിൽ ദ്വീപിലെ വൈദ്യുതിവിതരണ സംവിധാനം തകർന്നിരുന്നു.










0 comments