നേപ്പാൾ പ്രളയം: മരണസംഖ്യ 1000 കടന്നു; 4000ത്തോളം പേർ കാണാമറയത്ത്

കാഠ്മണ്ഡു: നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ കടുത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1003 ആയി. പ്രളയത്തിൽ 583 വിദേശികളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏകദേശം 4,000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 21,300ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും ഹെലികോപ്റ്ററുകളെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു.
കിഴക്കൻ, മധ്യ, പടിഞ്ഞാറൻ നേപ്പാളിലെ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടയ്ക്കിടെ പുതിയ മഴ മുന്നറിയിപ്പുകൾ നൽകുന്നതായി നേപ്പാൾ അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ കണ്ടെത്താനും തീവ്ര ശ്രമം തുടരുകയാണ്. 12,000 ത്തോളം പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മിന്നല്‍പ്രളയത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ ആറു മലയാളികളെക്കുറിച്ച് ഇതുവരെയും വിവരമില്ല. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലുപേര്‍, ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍, കഴിഞ്ഞദിവസം ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുള്ള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരുമായിട്ടാണ് ആശയവിനിമയം സാധ്യമാകാത്തത്.
ആഗസ്ത് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപം ഹിമാനി പെയ്തുണ്ടായ മഹാപ്രളയം വടക്കൻ, മധ്യ നേപ്പാളിലെ പട്ടണങ്ങളെയും ഗ്രാമങ്ങളെയും ആകെ തകർത്തു. ഹിമാലയൻ അതിർത്തി മേഖലയിൽ നിന്ന് തെക്കോട്ട് ഒഴുകുന്ന ഭോട്ടെകോഷി നദിയിൽ വൻ തോതിൽ ജലനിരപ്പുയർന്നു. വീടുകൾ, വാഹനങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. ജലവൈദ്യുത പദ്ധതിക്ക് കേടുപാടുണ്ടായി.
ചിത്വാൻ (321 മരണം), നവാൽപരസി കിഴക്ക് (216 മരണം), നവാൽപരസി പടിഞ്ഞാറ് (170 മരണം), നുവാക്കോട്ട് (95 മരണം), ഗൂർഖ (65 മരണം) തുടങ്ങിയ ജില്ലകളാണ് മഹാപ്രളയത്തിൽ ഏറ്റവുമധികം ബാധിക്കപ്പെട്ടത്. ദുരന്തത്തിൽ ചൈനയിൽ 16 പേർ മരിച്ചു. ടിബറ്റിൽ ഏകദേശം 550 പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









0 comments