ഇറാനിലെ അമേരിക്ക-ഇസ്രയേൽ ആക്രമണം
കൊല്ലപ്പെട്ടത് 181 കുട്ടികളടക്കം 1,332 പേർ, തകർന്നത് പതിനായിരത്തോളം കെട്ടിടങ്ങൾ

തെഹ്റാൻ: ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ 9,669 കെട്ടിടങ്ങൾ തകർന്നതായി റെഡ് ക്രസന്റ്. 7,943 ജനവാസ കേന്ദ്രങ്ങളും 1,617 വാണിജ്യ കെട്ടിടങ്ങളുമാണ് ആക്രമണങ്ങളൽ ബാധിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 1,332 ഇറാനിയൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
സൈനിക അധിനിവേശത്തിനിടെ 181 കുട്ടികൾ കൊല്ലപ്പെട്ടതായി യൂണിസെഫ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഇരുപതോളം സ്കൂളുകൾക്കാണ് സാമ്രാജ്യത്വ ശക്തികളുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. രാജ്യത്തെ 13 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, സ്പോർട്സ്, വിനോദ കേന്ദ്രങ്ങൾ എന്നിവയും ആക്രമിക്കപ്പെട്ടു. 18ലധികം വനിതാ അത്‌ലറ്റുകൾ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. മൂന്ന് നില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ - ഇസ്രയോൽ - അമേരിക്ക സംഘർഷം ആരംഭിച്ചിട്ട് ഒമ്പതാം ദിനവും സാഹചര്യങ്ങൾ രൂക്ഷമായി തുടരുന്നു.
തിങ്കളാഴ്ച സൈപ്രസിലെ അക്രോട്ടിരിയിലെ യുകെ സൈനിക താവളത്തിൽ ഇറാനിയൻ നിർമ്മിത ഡ്രോൺ പതിച്ചതിനെത്തുടർന്ന് ഏകദേശം 1,000 താമസക്കാരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. യുദ്ധം ആരംഭിച്ചതുമുതൽ 2,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രായേലി ആരോഗ്യ മന്ത്രാലയം പറയുന്നു.









0 comments