മ്യാൻമറിൽ സൈനിക പിന്തുണയുള്ള പാർട്ടിക്ക് മുൻതൂക്കം, ആദ്യഘട്ട ഫലങ്ങൾ പുറത്ത്

മ്യാൻമറിൽ സൈനിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പിന്റെ പ്രഥമ ഘട്ടത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. സൈനിക ഭരണകൂടം തന്നെ നിയോഗിച്ച യൂണിയൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ് (UEC) മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത്. പ്രഥമ ഘട്ടത്തിലെ ഫലം പുറത്തു വന്നപ്പോൾ സൈനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടി (USDP) ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കി.
330 അംഗങ്ങളുള്ള അധോസഭ (പ്യിതൂ ഹ്ലുട്ടാവ്) യിൽ സൈനിക പാർടി ഇതുവരെ 38 സീറ്റുകൾ നേടിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട് ചെയ്തു. ആദ്യഘട്ടത്തിലെ നിരവധി സീറ്റുകളുടെ ഫലങ്ങൾ ഇനിയും പ്രഖ്യാപിക്കാനുണ്ട്.
ഡിസംബർ 28-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഏകദേശം 52 ശതമാനം പേർ വോട്ട് ചെയ്തതായി സൈനിക സർക്കാർ അവകാശപ്പെട്ടിരുന്നു.
ജയിച്ചതും സൈനികർ
യുഎസ്ഡിപി നേതാവും മുൻ സൈനിക ജനറലും പോലീസ് മേധാവിയുമായ ഖിൻ യിയെ തലസ്ഥാനമായ നെയ്‌പിഡോയിലെ തന്റെ മണ്ഡലത്തിൽ വിജയിയായി പ്രഖ്യാപിച്ചു. സൈനിക ഭരണാധികാരി സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങിന്റെ അടുത്ത അനുയായിയായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ്.
ഷാൻ നാഷണാലിറ്റീസ് ഡെമോക്രാറ്റിക് പാർട്ടിയും മോൺ യൂണിറ്റി പാർട്ടിയും ഓരോ സീറ്റ് വീതം നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 29 സീറ്റുകളിൽ സൈനിക പാർടിയായ യുഎസ്ഡിപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായും റിപ്പോർടുകൾ ഉണ്ട്.
മ്യാൻമറിന് 664 അംഗങ്ങളുള്ള ഇരുസഭകളടങ്ങിയ ദേശീയ നിയമസഭയാണുള്ളത്. പാർലമെന്റിൽ സംയുക്ത ഭൂരിപക്ഷം നേടുന്ന പാർട്ടിക്കാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനും മന്ത്രിസഭ രൂപീകരിക്കാനും അധികാരം. ഭരണഘടന പ്രകാരം ഓരോ സഭയിലും സൈന്യം സ്വയമേവ 25 ശതമാനം സീറ്റുകൾ കൈവശം വയ്ക്കുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഡിസംബർ 28-ന് 102 ടൗൺഷിപ്പുകളിലായി നടന്നു. ഇത് മ്യാൻമറിലെ 330 ടൗൺഷിപ്പുകളുടെ ഏകദേശം മൂന്നിലൊന്നാണ്. രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ജനുവരി 11-നും മൂന്നാം ഘട്ടം ജനുവരി 25-നും നടക്കും. 65 ടൗൺഷിപ്പുകളിൽ വോട്ടെടുപ്പ് ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയവും പ്രാദേശികവുമായ നിയമസഭകളിലേക്ക് 57 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 4,800-ലധികം സ്ഥാനാർഥികൾ മത്സരിക്കുന്നു. ആറു പാർട്ടികളാണ് പ്രബലമായിട്ടുള്ളത്.
2021 ഫെബ്രുവരിയിലാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടന്നത്. 2020 ലെ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ആങ് സാൻ സൂ ചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (NLD) സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തു. 2023 ൽ സൈനിക നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് എൻഎൽഡി ഉൾപ്പെടെ 39 പാർട്ടികൾ പിരിച്ചുവിട്ടു.
അട്ടിമറികൾക്ക് എതിരെ രാജ്യവ്യാപകമായ ജനകീയ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചത്.










0 comments