പാക് ആണവായുധ ശേഖരത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയിരുന്നു; മുൻ സിഐഎ ഉദ്യോഗസ്ഥൻ

പർവേസ് മുഷറഫ് പ്രസിഡന്റ് ആയിരുന്ന കാലത്ത് പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിന്റെ നിയന്ത്രണം യു എസിന് കൈമാറിയിരുന്നതായി മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ. പാകിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ തലവനായി ഉൾപ്പെടെ 15 വർഷം സിഐഎയിൽ ചെലവഴിച്ച ജോൺ കിരിയാക്കോ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വാഷിംഗ്ടൺ ദശലക്ഷക്കണക്കിന് സഹായങ്ങൾ നൽകി പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ "വാങ്ങി" എന്നും, ഒരുകാലത്ത് അമേരിക്ക പാകിസ്ഥാന്റെ ആണവായുധ ശേഖരം നിയന്ത്രിച്ചിരുന്നു എന്നും അവകാശപ്പെട്ടു.
വിദേശനയത്തിൽ യുഎസിന്റെത് സെലക്ടീവ് ധാർമ്മികതയാണ്. യുഎസ് "സ്വേച്ഛാധിപതികളുമായി സുഖകരമായി" പ്രവർത്തിക്കും. ജനാധിപത്യ ആദർശങ്ങളെക്കാൾ ഇത്തരം താത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നും വിമർശനം ഉന്നയിച്ചു.
"യു എസ് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഒരു വിളക്കുമാടമാണെന്ന് നടിക്കാൻ ഇഷ്ടപ്പെടുന്നു. പക്ഷേ അത് ശരിയല്ല - അന്നന്ന് ഞങ്ങൾക്ക് പ്രയോജനം ചെയ്യുന്നത് ഞങ്ങൾ ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.
2007 ൽ സിഐഎ വിട്ട കിരിയാക്കോ ഒരു വിസിൽബ്ലോവറായി തുടരുകയായിരുന്നു. ടെലിവിഷൻ അഭിമുഖത്തിൽ സിഐഎയുടെ "പീഡന പരിപാടി" തുറന്നുകാട്ടിയതിന്റെ പേരിൽ കേസ് നേരിട്ടു. 23 മാസം ജയിലിൽ കിടന്നു.
മുഷറഫിന്റെ ഭരണകാലത്ത് യു എസിന് പാകിസ്ഥാന്റെ സുരക്ഷാ സൈനിക പ്രവർത്തനങ്ങളിൽ അനിയന്ത്രിതമായ പ്രവേശനം ലഭിച്ചിരുന്നു. "ഇതിന് പകരമായി സൈനിക, സാമ്പത്തിക സഹായമായി ദശലക്ഷക്കണക്കിന് ഡോളർ നൽകി, മുഷറഫ് ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അനുവദിച്ചു," കിരിയാക്കോ അഭിമുഖത്തിൽ പറഞ്ഞു.
എന്നിരുന്നാലും മുഷറഫ് ഇരട്ടത്താപ്പ് കളിക്കുന്ന വ്യക്തിയായിരുന്നു. പരസ്യമായി യുഎസിനൊപ്പം നിൽക്കുകയും, അതേസമയം പാകിസ്ഥാൻ സൈന്യത്തെയും തീവ്രവാദികളെയും ഇന്ത്യയ്‌ക്കെതിരായ ഭീകര പ്രവർത്തനങ്ങൾ തുടരാൻ രഹസ്യമായി അനുവദിക്കുകയും ചെയ്തു.
2001 ലെ പാർലമെന്റ് ആക്രമണത്തിനുശേഷം രണ്ട് ആണവായുധ രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകുമെന്ന് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) വിശ്വസിച്ചിരുന്നു.
പാകിസ്ഥാൻ ആണവ ശാസ്ത്രജ്ഞനായ അബ്ദുൾ ഖദീർ ഖാനെ യുഎസ് നടപടികളിൽ നിന്ന് സംരക്ഷിച്ചത് സൗദി അറേബ്യയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ്. അബ്ദുൾ ഖദീർ ഖാനെ ഇല്ലാതാക്കാനുള്ള പദ്ധതികൾ യുഎസ് ഉപേക്ഷിച്ചത് ഇതിന് ശേഷമാണ്. "ഇസ്രായേലിന്റെ സമീപനം ഞങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ, ഞങ്ങൾ അവനെ കൊല്ലുമായിരുന്നു.” എന്നും വെളിപ്പെടുത്തി.
യുഎസ്-സൗദി ബന്ധം പൂർണ്ണമായും വ്യാപാര സംബന്ധമായി തുടരുന്നതാണ്. "സൗദി അറേബ്യയിലെ ഞങ്ങളുടെ വിദേശനയം ലളിതമാണ് - ഞങ്ങൾ അവരുടെ എണ്ണ വാങ്ങുന്നു, അവർ ഞങ്ങളുടെ ആയുധങ്ങൾ വാങ്ങുന്നു," ഒരു സൗദി മിലിട്ടറി ഗാർഡ് തന്നോട് പറഞ്ഞത് ഓർമ്മിച്ചു, "നിങ്ങൾ കൂലിപ്പണിക്കാരാണ്. നിങ്ങൾ ഇവിടെ വന്ന് ഞങ്ങളെ പ്രതിരോധിക്കുന്നു. അതിന് ഞങ്ങൾ പണം നൽകുന്നു." എന്നായിരുന്നു വാക്കുകൾ.
അടുത്ത കാലത്തായി സൗദി അറേബ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ അവരുടെ തന്ത്രപരമായ റോളുകൾ പുനർനിർവചിക്കുമ്പോൾ ആഗോള അധികാര രാഷ്ട്രീയം ചലനാത്മകത മാറിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.










0 comments