ad
Deshabhimani

ഓരോ വര്‍ഷവും കൂടുതൽ അപകടകരമാവുന്നു

എവറസ്റ്റ് കയറാൻ നൂറുകണക്കിന് യാത്രികര്‍, വഴിമുടക്കി ഭീമൻ മഞ്ഞു മല

ever
വെബ് ഡെസ്ക്

Published on May 07, 2026, 03:18 PM | 2 min read

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ ഇത്തവണ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അതീവ അപകടകരമായ സാഹചര്യങ്ങൾ. ഖുംബു ഐസ്ഫാൾ മേഖലയിൽ തൂങ്ങിനിൽക്കുന്ന കൂറ്റൻ മഞ്ഞുപാളി ഏതുനിമിഷവും തകർന്നു വീഴാമെന്ന മുന്നറിയിപ്പ് നിലനിൽക്കയാണ്.


ഈ മാസം പ്രതീക്ഷിക്കുന്ന അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി കൊടുമുടി കയറാനായി ഏകദേശം 410 പർവ്വതാരോഹകരും അത്രതന്നെ നേപ്പാളി ഗൈഡുകളും നിലവിൽ ബേസ് ക്യാമ്പിൽ തയ്യാറെടുപ്പിലാണ്. സമുദ്രനിരപ്പിൽ നിന്ന് 5,300 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ കഴിഞ്ഞ മാസം തന്നെ ഇവർ ഒത്തുചേർന്നിരുന്നു. എന്നാൽ, ഖുംബു ഐസ്ഫാൾ മേഖലയിൽ അപകടകരമായ രീതിയിൽ കാണപ്പെട്ട കൂറ്റൻ മഞ്ഞുപാളി രണ്ടാഴ്ചയോളം ഇവരുടെ യാത്ര തടസ്സപ്പെടുത്തി.


പത്തുനില കെട്ടിടത്തിന്റെ ഉയരമുള്ള കൂറ്റൻ മഞ്ഞുപാളിയാണ് പ്രധാന പാതയ്ക്ക് മുകളിലായി വിള്ളലുകളോടെ നിൽക്കുന്നത്. ഇത് തകർന്നുവീണാൽ എല്ലാം തകരും. 2014-ൽ 16 ഷെർപ്പകളുടെ ജീവൻ കവർന്നത് സമാനമായ ഒരു മഞ്ഞുമലയാണ്. അതേ രീതിയിൽ അടര്‍ന്നു നിൽപാണ് ഇത്തവണയും.


ever


വൈകിയാരംഭിച്ച സീസൺ

സാധാരണ ഏപ്രിൽ പകുതിയോടെ പാതകൾ സജ്ജമാകാറുള്ളതാണ്. എങ്കിലും ഈ അടര്‍ന്ന മഞ്ഞുപാളിയുടെ സാന്നിധ്യം കാരണം രണ്ടാഴ്ചയോളം വൈകി ഏപ്രിൽ 29-നാണ് പാത തുറക്കാനായത്. ഇത്തവണ പർവ്വതാരോഹണത്തിനുള്ള പെർമിറ്റ് ഫീസ്‌ നേപ്പാൾ സർക്കാർ 15,000 ഡോളറായി (ഏകദേശം 12.5 ലക്ഷം രൂപ) ഉയർത്തി. ഇതിനുപുറമെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ വിമാനയാത്രാ ചെലവുകളെയും ബാധിച്ചിട്ടുണ്ട്.


കൂടുതൽ ഇന്ത്യക്കാര്‍


ഈ വെല്ലുവിളികൾക്കിടയിലും ഏകദേശം 464 പർവ്വതാരോഹകർക്കും അത്രതന്നെ ഷെർപ്പകൾക്കും ഇത്തവണ അനുമതി നൽകിയിട്ടുണ്ട്. ചൈന എവറസ്റ്റ് പാത അടച്ചിട്ടിരിക്കുന്നതിനാൽ എല്ലാ സഞ്ചാരികളും നേപ്പാൾ വഴിയാണ് എത്തുന്നത്. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായപ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.


മഞ്ഞുമലയെ മറികടക്കാൻ

മഞ്ഞുപാളി തകരാൻ സാധ്യതയുള്ളതിനാൽ പുലർച്ചെ തണുപ്പുള്ള സമയത്ത് മാത്രം ഈ പ്രദേശം വേഗത്തിൽ കടന്നുപോകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചെറിയ ഹിമപാതത്തിൽ രണ്ട് സഞ്ചാരികൾക്ക് പരിക്കേറ്റിരുന്നു. ഇന്ത്യൻ പർവ്വതാരോഹകനായ നിമിഷ് കുമാർ സിങ്ങിനും ഇതിൽ പരിക്കേറ്റിരുന്നു. നല്ല തണുപ്പുള്ള സമയത്ത് മഞ്ഞ് ഉരുകലും മലകളുടെ പതനവും കുറയാം എന്ന കണക്കു കൂട്ടലാണ്.

ever


ഓരോ വര്‍ഷവും കൂടുതൽ അപകടകരമാവുന്നു


ഹിമാലയത്തിലെ മഞ്ഞുപാളികൾ 65 ശതമാനം വേഗത്തിൽ ഉരുകുകയാണെന്ന് 2023-ൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എവറസ്റ്റ് സന്ദർശിച്ചപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതാപനം കാരണം എവറസ്റ്റിലെ പാതകൾ ഓരോ വർഷവും കൂടുതൽ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ്.


മെയ് 18 മുതൽ 22 വരെയുള്ള കാലാവസ്ഥാ മാറ്റങ്ങൾ നോക്കിയാകും മിക്ക സംഘങ്ങളും കൊടുമുടി ലക്ഷ്യമാക്കി നീങ്ങുക. ലോകറെക്കോർഡ് ജേതാവ് കാമി റിത ഷെർപ്പ തന്റെ 32-ാം തവണത്തെ കയറ്റത്തിന് തയ്യാറായി കൂടെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home