റഷ്യയിലെ മൗണ്ട് എൽബ്രസിൽ ശക്തമായ കൊടുങ്കാറ്റ്: അഞ്ച് പർവതാരോഹകർ മരിച്ചു

മൗണ്ട് എൽബ്രസ് |Photo: reuters
സരയാവോ : യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ റഷ്യയിലെ മൗണ്ട് എൽബ്രസിൽ അതിശക്തമായ കൊടുങ്കാറ്റിൽപ്പെട്ട് അഞ്ച് ബോസ്നിയൻ പർവതാരോഹകർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതുവരെ പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ലെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നൊവോസ്റ്റി റിപ്പോർട്ട് ചെയ്തു.
എൽബ്രസ് കൊടുമുടിയിൽ 5,350 മീറ്റർ ഉയരത്തിൽ വെച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ റഷ്യൻ എമർജൻസി മന്ത്രാലയത്തിന്റെ രക്ഷാപ്രവർത്തകർ താഴെയെത്തിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി വിദഗ്ധ വൈദ്യസഹായത്തിനായി മാറ്റിയിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പ്രദേശത്തെ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വീണ്ടെടുക്കൽ ദൗത്യം തട സപ്പെട്ടിരിക്കുകയാണ്.
ബോസ്നിയ ആന്റ് ഹെർസഗോവിനയിലെ സെനിക്ക സ്വദേശികളായ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരു ദമ്പതികളും പ്രാദേശിക ആശുപത്രിയിലെ വനിതാ ഡോക്ടറും സംഘത്തിലുണ്ടായിരുന്നുവെന്ന് ബോസ്നിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമുദ്രനിരപ്പിൽ നിന്ന് 5,642 മീറ്റർ ഉയരമുള്ള മൗണ്ട് എൽബ്രസ്, പ്രതികൂല കാലാവസ്ഥയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശമാണിത്.









0 comments