ഇറാനോട് ഏറ്റുമുട്ടി യുഎസ് നേവിക്ക് കനത്ത നഷ്ടം; 240 മില്യൺ ഡോളറിന്റെ ഡ്രോൺ തകർന്നുവീണു

എംക്യു-4സി ട്രൈറ്റൺ ഡ്രോൺ | Photo Credit: Screengrab/ Northrop Grumman
തെഹ്റാൻ/ വാഷിങ്ടൺ ഡി സി: ഇറാനെതിരായ ആക്രമണത്തിനിടെ 240 ദശലക്ഷം ഡോളർ വിലമതിക്കുന്ന ട്രൈറ്റൺ ഡ്രോൺ തകർന്നതായി അമേരിക്കൻ നാവികസേന സ്ഥിരീകരിച്ചു. നാവികസേനയിൽനിന്നുള്ള വിവരങ്ങളും ഫ്ലൈറ്റ് ലോഗുകളും വഴിയാണ് എംക്യു-4സി ട്രൈറ്റൺ ഡ്രോൺ തകർന്ന വിവരം സ്ഥിരീകരിക്കപ്പെട്ടത്.
ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിൽ ഒന്നാണിത്. ഒരു യൂണിറ്റിന് ഏകദേശം 240 ദശലക്ഷം ഡോളർ (ഏകദേശം 2000 കോടിയിലധികം രൂപ) വിലവരുന്ന നിരീക്ഷണ ഡ്രോൺ ആണ് എംക്യു-4സി ട്രൈറ്റൺ.
50,000 അടിക്ക് മുകളിൽ 24 മണിക്കൂറിലധികം തുടർച്ചയായി പറക്കാൻ കഴിയും. സമുദ്രമേഖലകളിൽ ഉയർന്ന ഉയരത്തിൽ നിന്ന് ദീർഘനേരം രഹസ്യാന്വേഷണവും നിരീക്ഷണവും നടത്തുന്നതിനായി നോർത്ത്‌റോപ്പ് ഗ്രമ്മൻ വികസിപ്പിച്ചെടുത്തതാണ് ഇത്. ഹോർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാനമായ ജലപാതകൾ നിരീക്ഷിക്കുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഡ്രോണിനെ ഇറാൻ വെടിവെച്ചിട്ടതാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും യുഎസ് സൈന്യം അക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലവും പുറത്തുവിട്ടിട്ടില്ല.
അതേസമയം, അടിയന്തര സാഹചര്യം അറിയിക്കുന്ന '7700' ഡിസ്ട്രസ് കോഡ് നൽകിയതിന് പിന്നാലെ ഡ്രോൺ ഇറാൻ വ്യോമാതിർത്തിയിലേക്ക് നീങ്ങിയതായും താഴേക്ക് പതിച്ചതായും ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ ഉദ്ധരിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നുണ്ട്.










0 comments