print edition സുഡാനിൽ കൂട്ടപ്പലായനം; പുറത്തുവരുന്നത് അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ

എൽ- ഫാഷറില്‍നിന്ന് പലായനം ചെയ്യുന്നവര്‍ | Photo: AFP
ഖാർതൂം : രൂക്ഷമായ ആഭ്യന്തരകലാപം തുടരുന്ന സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) പിടിച്ചെടുത്ത നഗരമായ എൽ -ഫാഷറിൽനിന്ന് 60,000-ത്തിലധികം പേർ പലായനംചെയ്തു. ആർഎസ്‌എഫ് സംഘം നഗരം ആക്രമിച്ചശേഷം കൂട്ട വധശിക്ഷകളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തതായി യുഎൻ അഭയാർഥി ഏജൻസി വെളിപ്പെടുത്തി.
എൽ- ഫാഷറിന് പടിഞ്ഞാറ് 80 കിലോമീറ്റർ അകലെയുള്ള താവില പട്ടണത്തിലേക്കാണ് ജനങ്ങൾ പലായനം ചെയ്യുന്നത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള അതിക്രമങ്ങളുടെ ഭയാനക വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. പടിഞ്ഞാറൻ മേഖലയിലെ ഡാർഫറിൽ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന എൽ- ഫാഷറിൽ ഒന്നരലക്ഷത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സൈന്യവും ആർഎസ്‌എഫും ഏറ്റുമുട്ടൽ ആരംഭിച്ചതോടെ 2023 ഏപ്രിലിലാണ് സുഡാൻ ആഭ്യന്തരയുദ്ധത്തിലേക്ക് വീണത്. രാജ്യത്തുടനീളം പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയെന്ന് യുഎൻ വിശേഷിപ്പിച്ച സംഘർഷത്തിൽ ഏകദേശം 1.2 കോടിപേർ പലായനം ചെയ്തു.









0 comments