ad
Deshabhimani

ട്രംപ് ഭരണത്തിൽ തടങ്കൽ കേന്ദ്രങ്ങളിൽ‌ കൂടുതൽ കുടിയേറ്റക്കാർ മരണപ്പെടുന്നു; ഭീതിപ്പെടുത്തുന്ന കണക്ക്

illegal immigration to US
വെബ് ഡെസ്ക്

Published on Jan 14, 2026, 08:00 AM | 2 min read

വാഷിങ്ടൺ ഡി സി: അമേരിക്കയിലെ മിനിയാപൊളിസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്‌ക്കിടെ യുവതിയെ വെടിവച്ചുകൊന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കവിയും ​ഗിറ്റാറിസ്റ്റുമായ റെനി നിക്കോൾ ഗുഡ് (37) ആണ്‌ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്. അമേരിക്കയിലാകെ പ്രക്ഷോഭത്തിന് കാരണമായ കറുത്ത വംശജനായ ജോർജ്‌ ഫ്ളോയിഡി‍ന്റെ കൊലപാതകം നടന്നത് റെനി നിക്കോൾ ഗുഡ് കൊല്ലപ്പെട്ടതിന്‌ ഒരു മൈൽ മാത്രം അകലെവച്ചായിരുന്നു.


കുടിയേറ്റക്കാർ‌ക്കെതിരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) സ്വീകരിക്കുന്ന നടപടികൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. തടങ്കൽ കേന്ദ്രങ്ങൾ അവിടെ കഴിയുന്നവർക്കും അതീവ അപകടകരമാണെന്നാണ് ഐസിഇ തന്നെ പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2025ൽ കുടിയേറ്റക്കാരുടെ മരണസംഖ്യ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ, 2026ന്റെ ആദ്യ ദിവസങ്ങളിൽ തന്നെ നിരവധി പേർ കസ്റ്റഡിയിൽ മരിച്ചതായി ഐസിഇയുടെ പത്രക്കുറിപ്പുകൾ വെളിപ്പെടുത്തുന്നു.


ഈ വർഷത്തെ ആദ്യ 10 ദിവസങ്ങൾക്കുള്ളിൽ മാത്രം കുറഞ്ഞത് നാല് പേരെങ്കിലും ഐസിഇ കസ്റ്റഡിയിൽ മരിച്ചതായാണ് വിവരം. ജനുവരി 9-നും 10-നും ഇടയിലുള്ള കാലയളവിലാണ് ഇതിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.


മരിച്ചവർ എല്ലാവരും 42 മുതൽ 68 വയസ്സുവരെ പ്രായമുള്ള പുരുഷന്മാരാണ്. രണ്ട് പേർ ഹോണ്ടുറാസ് സ്വദേശികളും, ഒരാൾ ക്യൂബൻ പൗരനും, നാലാമത്തെയാൾ കംബോഡിയക്കാരനുമാണ്. രണ്ടുപേരുടെ മരണം "ഹൃദയസംബന്ധമായ പ്രശ്നങ്ങൾ" മൂലമാണെന്ന് അധികൃതർ പറയുന്നു. മറ്റ് രണ്ടുപേരുടെ മരണകാരണം വ്യക്തമല്ല. ഇതിൽ ഒരു കേസിൽ മാത്രമാണ് നിലവിൽ അന്വേഷണം നടക്കുന്നത്.


കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ് 2025ൽ രേഖപ്പെടുത്തിയത്. കുറഞ്ഞത് 30 പേർ ആ വർഷം തടങ്കൽ കേന്ദ്രങ്ങളിൽ മരിച്ചു. 2003ൽ ഈ ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ജോ ബൈഡൻ ഭരണത്തിന്റെ നാല് വർഷത്തെ (2021-2025) ആകെ മരണസംഖ്യയേക്കാൾ കൂടുതലാണ് ഡോണാൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷമുള്ള 2025ലെ മാത്രം കണക്ക്. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ബൈഡന്റെ ഭരണകാലയളവിൽ ആകെ 26 പേരാണ് കസ്റ്റഡിയിൽ മരിച്ചത്.


തടങ്കലിൽ കഴിയുന്നവർക്ക് ലഭിക്കുന്ന വൈദ്യസഹായത്തിന്റെ നിലവാരത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് ഉയരുന്നത്. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ 2024ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഐസിഇ കസ്റ്റഡിയിൽ നടക്കുന്ന മരണങ്ങളിൽ 95 ശതമാനവും കൃത്യമായ പരിചരണം നൽകിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്നാണ്. ഈ വിഷയത്തിൽ വാർത്താ ഏജൻസിയായ എഎഫ്‌പി പ്രതികരണം തേടിയെങ്കിലും ഐസിഇ ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home