മയക്കുമരുന്ന്–ഭീകര ശൃംഖലക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മോദി; നിർദേശം ജി 20 ഉച്ചകോടിയിൽ

ജോഹാന്നസ്‌ബർഗ്: മയക്കുമരുന്ന്–ഭീകര ശൃംഖലക്കെതിരെ ജി 20 രാജ്യങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനം, ഭരണം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് ഭീകരതയെ പ്രതിരോധിക്കാൻ സംഘടിക്കണമെന്ന് ജി20 ഉച്ചകോടിയിൽ മോദി നിർദേശം അവതരിപ്പിച്ചു. മയക്കുമരുന്ന് ശൃംഖലയും ഭീകരവാദവും പരസ്‌പര ബന്ധിതമാണ്. ഇതിനെ ദുർബലമാക്കാൻ ജി 20 രാജ്യങ്ങൾ കൂട്ടായ സംവിധാനം ഒരുക്കണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും ജി 20 ഉച്ചകോടിയിലെ പ്രസംഗത്തിൽ മോദി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്‌ബർഗ്‌ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.
ഓസ്ട്രേലിയയും കാനഡയും ഇന്ത്യയും തമ്മിലുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയും മോദി പ്രഖ്യാപിച്ചു. ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽകൂടിയാണ് പുതിയ പ്രഖ്യാപനം. ഓസ്‌ട്രേലിയൻ, കനേഡിയൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം നടത്തിയത്. ഇതുവഴി മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാകുമെന്നും വളർന്നുവരുന്ന സാങ്കേതിക വിദ്യകളിലെ സഹകരണത്തിന് സഹായിക്കുമെന്നും മോദി വ്യക്തമാക്കി.









0 comments