എണ്ണയിൽ കണ്ണുവെച്ച് അമേരിക്ക: അട്ടിമറിശ്രമത്തിന് വർഷങ്ങളുടെ പഴക്കം

ന്യൂഡൽഹി: അമേരിക്കയുടെ വെനിസ്വേലൻ അധിനിവേശനീക്കങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണയാണ് ലാറ്റിനമേരിക്കയിലെ പ്രധാന രാഷ്ട്രമായ വെനിസ്വേലയിലെ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയും ശിങ്കിടികളും ശ്രമിച്ചിട്ടുള്ളത്. ഹ്യൂഗോ ഷാവേസ് വേനിസ്വേല പ്രസിഡന്റായിരുന്ന കാലത്ത് സമ്പത്തുകൊണ്ടും ശക്തികൊണ്ടും ശത്രുക്കൾ അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ചു. പരമ്പരാഗത പ്രഭുവർഗം സൃഷ്ടിച്ച എല്ലാ പ്രതിസന്ധികളും അദ്ദേഹം നേരിടുകയുണ്ടായി. സാമ്രാജ്യത്വത്തിന്റെ നീക്കങ്ങളെയും അദ്ദേഹം വിജയകരമായി ചെറുത്തു. നീചമായ അമേരിക്കൻ കുത്തിത്തിരിപ്പുകളെ ധീരമായി അതിജീവിച്ചാണ് ഹ്യൂഗോ ഷാവേസും മഡുറോയും ഇതുവരെ വെനസ്വേലയെ കാത്തുപോന്നിരുന്നത്
കോടിക്കണക്കിന് ഡോളർ വാരിയെറിഞ്ഞ് ഒറ്റുകാരെ വിലക്കെടുക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കിണഞ്ഞു പരിശ്രമിച്ചു അമേരിക്ക. 2002 ഏപ്രിൽ 11 ന് ഹ്യൂഗോ ഷാവേസിനെതിരെ സാമ്രാജ്യത്വ പിന്തുണയോടെ പട്ടാള അട്ടിമറി നടന്നു. സഹചാരികളായ 200-300 പേരുമായി മിറാഫ്ളോഴ്സിൽ അഭയം തേടി. തുടർന്ന് ഫിദൽ കാസ്ട്രോയുടെ കൂടി ഇടപെടലിൻ്റെ അടിസ്ഥാനത്തിൽ ഷാവോസ് അട്ടിമറിയെ അതിജീവിച്ച് തിരിച്ചുവന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല. ഈ എണ്ണനിക്ഷേപം കെെക്കലാക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയ്ക്ക്. ഷാവേസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ വരുംമുമ്പ് വെനസ്വേലയിലെ പാവ ഭരണാധികാരികൾ എണ്ണ സമ്പത്ത് അമേരിക്കയ്ക്ക് തുച്ഛമായ വിലയിൽ കൈമാറിയിരുന്നു. ഷാവേസ് സർക്കാർ ഇതിൽ മാറ്റം വരുത്തുകയും എണ്ണ സമ്പത്ത് വെനസ്വേലയുടെ വിശാല താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്ന വിധത്തിൽ കൈകാര്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു. ഇതാണ് അമേരിക്കയെ പ്രകോപിപ്പിച്ച മുഖ്യ ഘടകം.
അമേരിക്കയുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴങ്ങാത്ത വെനിസ്വേലൻ നേതാക്കളെ വ്യാജ ആരോപണങ്ങൾ വഴി തകർക്കാൻ ശ്രമിച്ചു.കഴിഞ്ഞവർഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയുടെ വിജയം അംഗീകരിക്കാതെ പ്രതിഷേധം തുടരുന്ന അമേരിക്കൻ അനുകൂല പ്രതിപക്ഷ കക്ഷികൾക്ക് പുറത്തുനിന്ന് എല്ലാ സഹായവും നൽകി. കൊളംബിയയിൽനിന്ന് കൂലിപ്പട്ടാളക്കാരെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമിച്ചു.
അമേരിക്കയുടെയും കൂട്ടാളികളുടെയും കടുത്ത ഉപരോധങ്ങളെ അതിജീവിച്ചാണ് വെനസ്വേലയിൽ ഹ്യൂഗോ ഷാവേസ് തുടക്കമിട്ട ബൊളിവേറിയൻ സോഷ്യലിസ്‌റ്റ് വിപ്ലവം നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിൽ മുന്നോട്ടുകൊണ്ടുപോയത്. മഡുറോയുടെ ഭരണത്തെ അട്ടിമറിക്കാൻ രാജ്യത്തിൻ്റെ സാമ്പത്തികസ്രോതസുകൾ ഇല്ലാതാക്കാനായി എണ്ണ കമ്പനി ഷെവ്‌റോണിന് വെനസ്വേലൻ ക്രൂഡ് ഓയിൽ വിതരണത്തിനുള്ള അനുമതി ട്രം പ് റദ്ദാക്കി. വലതുപക്ഷ ശക്തികളുടെ കലാപനീക്കവും ചെറുത്താണ് ഇടതുപക്ഷ–-സോഷ്യലിസ്‌റ്റ് പാത മുന്നോട്ടുകൊണ്ടുപോകാൻ വെനസ്വേലൻ ജനത മഡുറോയുടെ പിന്നിൽ അണിനിരക്കുന്നത്. അമേരിക്കയും, യൂറോപ്യൻ യൂണിയനടക്കമുള്ള വലതുപക്ഷ സഖ്യങ്ങളും ഏർെപ്പടുത്തിയ ഉപരോധങ്ങളെയും വിലക്കുകളെയും തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായിരുന്നിട്ടും വെനസ്വേല ഇടതുപക്ഷ രാഷ്‌ട്രീയത്തെ കൈവിട്ടില്ല എന്നത് ലാറ്റിനമേരിക്കക്കും ലോകത്തിനാകെയും വലിയ സന്ദേശമാണ് പകരുന്നത്.










0 comments