ഗൾഫ് നാടുകളിലും യുദ്ധഭീതി; ദോഹയിലും അബുദാബിയിലും ശക്തമായ സ്ഫോടനങ്ങൾ, ആറ് പേർക്ക് പരിക്ക്

ദോഹയിൽ നടന്ന ആക്രമണം
ദോഹ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ ഖത്തർ, യുഎഇ തലസ്ഥാനങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ. വ്യാഴാഴ്ച പുലർച്ചെ ദോഹയ്ക്ക് മുകളിലും അബുദാബിയിലുമാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടത്. അബുദാബിയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ആറ് പേർക്ക് പരിക്കേറ്റു.
ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ വഴി തടയുന്നതിനിടെയാണ് സ്ഫോടനങ്ങളുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബിയിലെ ജനവാസ മേഖലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്. പരിക്കേറ്റവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു.
ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് കെട്ടിടങ്ങൾക്ക് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിന് നേരെയും മിസൈൽ ആക്രമണ ശ്രമമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ദോഹയിൽ നടന്നത് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഇടപെടലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ യുഎസ്-ഇസ്രയേൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമാണിത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. വ്യോമപാതകൾ അടച്ചതോടെ കേരളത്തിലേതടക്കമുള്ള വിമാന സർവീസുകൾ മുടങ്ങിയിരിക്കുകയാണ്.
യുഎഇയുടെയും ഖത്തറിന്റെയും ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഗൾഫ് നാടുകളിൽ യുദ്ധഭീതി പടരുന്നതോടെ പ്രവാസി മലയാളികളും വലിയ ആശങ്കയിലാണ്.











0 comments