print edition മാർക്‌സിസ്റ്റ് ചിന്തകൻ മൈക്കൽ പാരന്റി അന്തരിച്ചു

ന്യൂയോർക്ക്
സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരായ ഉറച്ച ശബ്‌ദമായ വിഖ്യാത മാർക്‌സിസ്റ്റ് ചിന്തകനും അമേരിക്കൻ രാഷ്‌ട്രതന്ത്രഞ്ജനുമായ മൈക്കൽ പാരന്റി (92) അന്തരിച്ചു. ശനിയാഴ്‌ച ന്യൂയോർക്കിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരകനായി അക്കാദമിക്‌രംഗത്ത് ശ്രദ്ധേയനായ പാരന്റി തൊഴിലാളിവർഗ കാഴ്‌ചപ്പാടിലൂന്നി നിർണായക സംഭാവനകൾ നൽകി. സോവിയറ്റ് യൂണിയൻ, ക്യൂബ, വിയത്‌നാം തുടങ്ങിയ രാജ്യങ്ങൾക്കെതിരായ പാശ്ചാത്യമാധ്യമങ്ങളുടെ അജൻഡയെ തുറന്നുകാട്ടി.
അമേരിക്കൻ വിദേശനയം, മാധ്യമ നിലപാടുകൾ, ലിബറൽ ജനാധിപത്യം, കോർപറേറ്റുകൾ തുടങ്ങിയവയുടെ പൊള്ളത്തരങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു രചനകളും പ്രഭാഷണങ്ങളും. ഇക്കാരണത്താൽ അക്കാദമികരംഗത്തെ പ്രമുഖരുടെയും മാധ്യമങ്ങളുടെയും കണ്ണിലെ കരടായി അദ്ദേഹം. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പൊയ്‌മുഖങ്ങൾ നിരന്തരമായി തുറന്നുകാട്ടുകയെന്നത് അദ്ദേഹത്തിന്റെ ശൈലിയായി.
സോവിയറ്റാനന്തര രാഷ്‌ട്രീയ സാഹചര്യത്തിൽ കമ്യൂണിസത്തിന് പ്രസക്തി നഷ്‌ടമായെന്ന പാശ്ചാത്യ മാധ്യമവ്യാഖ്യാനങ്ങളെ പാരന്റി തുറന്നെതിർത്തു. ഡെമോക്രസി ഫോർ ദ ഫ്യു, ഇൻവെന്റിങ് റിയാലിറ്റി, ബ്ലാക്ക് ഷർട്‌സ് ആൻഡ് റെഡ്‌സ് തുടങ്ങിയവ ശ്രദ്ധേയ പുസ്‌തകങ്ങൾ.









0 comments