കലിഫോർണിയ ഗവർണറെ ദാവോസിൽ വിലക്കി
print edition പരമാധികാരത്തില്‍ ചർച്ചയ്‌ക്ക് ഇല്ലെന്ന് ഡെൻമാർക്ക്

കോപ്പൻഹേഗൻ
രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ച് ആരുമായും ചർച്ചചെയ്യാൻ കഴിയില്ലെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സൺ വ്യക്തമാക്കി. ഗ്രീൻലൻഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട "ഭാവി കരാറിന്റെ ചട്ടക്കൂട്’ നാറ്റോ തലവനുമായി ചർച്ചചെയ്‌തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഡെൻമാർക്കിന്റെ പ്രതികരണം.
നാറ്റോ സഖ്യകക്ഷിയായ ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനെ പിടിച്ചെടുക്കാനുള്ള യുഎസ് നീക്കത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ എതിർപ്പുയത്തുന്നുണ്ട്. ദ്വീപിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്നും ബലപ്രയോഗം നടത്തില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. കരാർ പൂർത്തിയായാൽ കോടിക്കണക്കിന് ഡോളറിന്റെ ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം സ്വീപിൽ സ്ഥാപിക്കുമെന്ന് ട്രംപ് പറഞ്ഞു.
സുരക്ഷ, നിക്ഷേപം, സാമ്പത്തിക വിഷയങ്ങൾ ഉൾപ്പെടെ രാഷ്‌ട്രീയമായ എന്തും ചർച്ചചെയ്യാമെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ച് ചർച്ചചെയ്യാൻ കഴിയില്ലെന്നും ഡെൻമാർക്ക് വ്യക്തമാക്കി. ദ്വീപിൽ സൈനികസാന്നിധ്യമുള്ള യുഎസിന് താവളങ്ങൾ ശക്തിപ്പെടുത്താൻ ഡെൻമാർക്കിന്റെയും ഗ്രീൻലാൻഡിന്റെയും സമ്മതത്തോടെ നിയമപരമായിത്തന്നെ കഴിയുമെന്നാണ് ഡെൻമാർക്കിന്റെ നിലപാട്.
കലിഫോർണിയ ഗവർണറെ ദാവോസിൽ വിലക്കി
ഗ്രീൻലൻഡ് വിഷയത്തിൽ ഡോണൾഡ് ട്രംപിന്റെ നിലപാടിനെ വിമർശിച്ച കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന് ദാവോസിലെ ലോകസാന്പത്തിക ഫോറത്തിൽ വിലക്കേർപ്പെടുത്തി അമേരിക്ക. യുഎസ്എയുടെ ഔദ്യോഗിക പവലിയനായി പ്രവർത്തിക്കുന്ന യുഎസ്എ ഹൗസ്, കലിഫോർണിയ ഗവർണർക്ക് മാധ്യമങ്ങളുമായി സംസാരിക്കാൻ വിലക്കേർപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഓഫീസ് എക്‌സിൽ പറഞ്ഞു.
ഗ്രീൻലൻഡിനെ ഏറ്റെടുക്കുമെന്ന് ദാവോസിൽ യുഎസ് പ്രസിഡന്റ് നടത്തിയ പ്രസംഗത്തിന് മറുപടി നൽകാൻ കലിഫോർണിയ ഗവർണർ തയ്യാറാകുമെന്ന സൂചനയെ തുടർന്നാണ് നടപടി. ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനായുള്ള ട്രംപിന്റെ നീക്കങ്ങളെ ചെറുക്കുന്നതിൽ യൂറോപ്യൻ നേതാക്കൾ പരാജയപ്പെട്ടതായി ന്യൂസം വിമർശിച്ചിരുന്നു. ഉറച്ച നിലപാട് സ്വീകരിച്ച് നിവർന്നുനിൽക്കാൻ യൂറോപ്യൻ നേതാക്കൾക്ക് നട്ടെല്ല് വേണമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.










0 comments