ad
Deshabhimani

തന്നെ തട്ടിക്കൊണ്ടുപോയെന്ന് പരാതി: മെഹുൽ ചോക്സിക്ക് കനത്ത തിരിച്ചടി; 8 കോടി രൂപ കെട്ടിവെക്കാൻ ഉത്തരവ്

MEHUL CHOKSI
വെബ് ഡെസ്ക്

Published on Feb 07, 2026, 06:35 PM | 1 min read

ലണ്ടൻ: തന്നെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഇന്ത്യൻ സർക്കാരിനും മറ്റ് 5 പേർക്കുമെതിരെ നൽകിയ സിവിൽ കേസിൽ പിടികിട്ടാപ്പുള്ളിയായ വ്യവസായ മെഹുൽ ചോക്സിക്ക് തിരിച്ചടി. കേസ് നടത്തിപ്പിന്റെ ഭാഗമായുള്ള കോടതിച്ചെലവുകൾക്കായി 6,77,000 പൗണ്ട് (ഏകദേശം 8 കോടി രൂപ) സുരക്ഷാ നിക്ഷേപമായി കെട്ടിവെക്കാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു.


2021-ൽ ആന്റിഗ്വയിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി ഡൊമിനിക്കയിലേക്ക് കൊണ്ടുപോയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് ചോക്സി കേസുമായി കോടതിയെ സമീപിച്ചത്. ഇന്ത്യൻ സർക്കാരിനെക്കൂടാതെ അഞ്ച് വ്യക്തികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചോക്സിയുടെ വാദങ്ങൾ വിജയിക്കാൻ വലിയ സാധ്യതയില്ലെന്ന് നിരീക്ഷിച്ച കോടതി, കേസിൽ പരാതിക്കാരൻ പരാജയപ്പെട്ടാൽ പ്രതികൾക്കുണ്ടാകുന്ന നിയമപരമായ ചിലവുകൾ ഉറപ്പാക്കാനാണ് ഈ തുക ആവശ്യപ്പെട്ടത്.


പ്രതികളായ ഗുർമിത് സിംഗ്, ഗുർജിത് ഭണ്ഡാൽ തുടങ്ങിയവർ നൽകിയ അപേക്ഷയിലാണ് വെള്ളിയാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചോക്സിയെ തട്ടിക്കൊണ്ടുപോകുന്നതിലോ ആക്രമിക്കുന്നതിലോ പ്രതികൾക്ക് പങ്കുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2024 മെയ് മാസത്തിലാണ് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ആരോപിച്ച് ചോക്സി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്. എന്നാൽ ചോക്സിയുടെ ആരോപണങ്ങൾ ഇന്ത്യൻ സർക്കാർ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home