കീവിൽ ഷോപ്പിങ് മാളിലെത്തിയവരെ ബന്ദിയാക്കിയ അക്രമി ആറു പേരെ വെടിവെച്ച് കൊന്നു

courtesy - AP Dan Bashakov
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം സൂപ്പർമാർക്കറ്റിനുള്ളിൽ ഉപഭോക്താക്കളെയും ജീവനക്കാരെയും ബന്ദിയാക്കിയ അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു.
58 വയസ്സുള്ള റഷ്യൻ വംശജനായ ഒരാളാണ് ആക്രമണം നടത്തിയത്. ഇയാൾ മുമ്പ് ഡോണെറ്റ്‌സ്ക് മേഖലയിൽ താമസിച്ചിരുന്നതായും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്‌കി അറിയിച്ചു.
തെരുവിലിറങ്ങുന്നതിന് മുൻപ് അക്രമി തന്റെ അപ്പാർട്ട്മെന്റിന് തീയിട്ടു. തുടർന്ന് ഓട്ടോമാറ്റിക് തോക്കുമായി ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം അക്രമി സൂപ്പർമാർക്കറ്റിൽ കയറി ആളുകളെ ബന്ദികളാക്കി. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സംഘർഷാവസ്ഥയിൽ പോലീസിലെ ചർച്ചാവിദഗ്ധർ ഇയാളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുറിവേറ്റവർക്ക് ചികിത്സ നൽകാൻ അനുവദിക്കണമെന്ന പോലീസിന്റെ അഭ്യർത്ഥന അക്രമി നിരസിച്ചതോടെ പ്രത്യേക ടാക്റ്റിക്കൽ യൂണിറ്റ് സൂപ്പർമാർക്കറ്റ് റെയ്ഡ് ചെയ്യുകയും അക്രമിയെ വധിക്കുകയും ചെയ്തു.
തെരുവിൽ വെച്ച് നാലുപേരും, ആശുപത്രിയിൽ വെച്ച് ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ബന്ദിയാക്കപ്പെട്ടവരിൽ ഒരാളെ അക്രമി സൂപ്പർമാർക്കറ്റിനുള്ളിൽ വെച്ച് കൊലപ്പെടുത്തി.
അക്രമിയുടെ പക്കൽ തോക്ക് കൈവശം വെക്കാനുള്ള നിയമപരമായ അനുമതി പത്രം ഉണ്ടായിരുന്നതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ സ്ഥിരീകരിച്ചു. ഇയാൾ എന്തിനാണ് ഈ കൃത്യം ചെയ്തതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.










0 comments