മമത ബാനർജിയുടെ അധിക്ഷേപ പ്രസംഗം: പ്രതിഷേധവുമായി എസ്എഫ്ഐ-യുകെ

ലണ്ടൻ: ആർജി കാർ മെഡിക്കൽ കോളേജിൽ ബലത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറെ അപമാനിച്ച മമത ബാനർജിയുടെ പ്രസംഗത്തിനെതിരെ എസ്എഫ്ഐ-യുകെ പ്രതിഷേധിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കെല്ലോഗ് കോളേജിൽ മമത ബാനർജി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെയാണ് പ്രതിഷേധമുയർന്നത്.
പശ്ചിമ ബംഗാളിൽ മമത അധികാരത്തിന് വന്ന ശേഷം തുടക്കമിട്ടതായി പ്രസംഗത്തിനിടയിൽ അവകാശപ്പെടുന്ന സാമൂഹിക വികസനത്തിന്റെ തെളിവുകൾ നൽകാൻ വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥികളുടെ അഭിപ്രായങ്ങൾ സമാധാനപരമായി പ്രകടിപ്പിക്കാൻ അനുവദിക്കുന്നതിനുപകരം പൊലീസിനെ വിളിച്ചുവരുത്തുകയാണ് അധികൃതർ ചെയ്തത്.
ആർജി കാർ ബലാത്സംഗ കൊലക്കേസിൽ ഇരയെ കുറ്റപ്പെടുത്തുന്നതും അന്വേഷണത്തിൽ അലസത പുലർത്തുന്നതും സംബന്ധിച്ച മമതയുടെ പ്രസ്താവനകളെക്കുറിച്ച് വിദ്യാർഥികൾ ആരാഞ്ഞു. ബംഗാളിലെ വിദ്യാർഥികളെയും ജനാധിപത്യ അവകാശങ്ങളെയും പിന്തുണയ്ക്കുന്നതായി മമത അവകാശപ്പെട്ടപ്പോൾ എന്തുകൊണ്ടാണ് കഴിഞ്ഞ 6 വർഷമായി വിദ്യാർഥികൾക്ക് സർവകലാശാലാ തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതെന്നും വിദ്യാർഥികൾ ചോദിച്ചു.
ജനാധിപത്യപരമായ അവകാശങ്ങൾ ആവശ്യപ്പെട്ടതിന് ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർഥികളെ എന്തിനാണ് പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരാഞ്ഞു. പ്രസംഗത്തിനിടയിൽ, ബംഗാളിൽ സ്ത്രീ ശാക്തീകരണം മുന്നോട്ട് കൊണ്ടുപോയി എന്ന് മമത ബാനർജി അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞ വർഷം പെൺകുട്ടികളുടെ സ്കൂൾ കൊഴിഞ്ഞുപോക്ക് 19% വർദ്ധിച്ചതായും കൂടുതൽ ശൈശവ വിവാഹം നടക്കുന്നതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
ജനാധിപത്യ വിരുദ്ധ നേതാവിനെ പിന്തുണയ്ക്കുന്ന കെല്ലോഗ് കോളേജിന്റെ സമീപനത്തിനെതിരെയും വിദ്യാർഥികൾ പ്രതിഷേധിച്ചു. തൃണമൂൽ കോൺഗ്രസിന്റെ അഴിമതി നിറഞ്ഞ ജനാധിപത്യവിരുദ്ധ ഭരണത്തിനും എതിരെ ശബ്ദമുയർത്തിയ എസ്‌എഫ്‌ഐ-യുകെ പശ്ചിമ ബംഗാളിലെ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും പിന്തുണ അറിയിച്ചു.










0 comments