മാലിദ്വീപിൽ കാണാതായ ഇറ്റാലിയൻ സ്കൂബ ഡൈവേഴ്സിന്‍റെ മൃതദേഹങ്ങൾ കടലിലെ ഗുഹയ്ക്കുള്ളിൽ കണ്ടെത്തി

മാലെ: മാലിദ്വീപിൽ സ്കൂബ ഡൈവിങ്ങിനിടെ കാണാതായ നാല് ഇറ്റാലിയൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ കടലിനടിയിലെ ആഴമേറിയ ഗുഹയ്ക്കുള്ളിൽ കണ്ടെത്തി. വാവു അറ്റോളിലെ (Vaavu Atoll) 60 മീറ്റർ ആഴത്തിലുള്ള അണ്ടർവാട്ടർ ഗുഹയ്ക്കുള്ളിൽ നിന്നാണ് രക്ഷാപ്രവർത്തന സംഘം മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാളുടെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മാലിദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ ഡൈവിങ് ദുരന്തങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ മാലിദ്വീപ് സൈന്യത്തിലെ സ്റ്റാഫ് സർജന്റ് മുഹമ്മദ് മഹ്ദി എന്ന ഡൈവർ ശനിയാഴ്ച മരണപ്പെട്ടിരുന്നു. ഇറ്റലിയിലെ ജനീവ സർവകലാശാലയിലെ മറൈൻ ബയോളജി പ്രൊഫസർ മോണിക്ക മോണ്ടെഫാൽക്കോൺ, മകൾ ജോർജിയ സോമകാൽ, ഗവേഷകരായ മുരിയൽ ഒഡെനിനോ, ഫെഡറിക്കോ ഗ്വാൾട്ടിയേരി എന്നിവരാണ് മരിച്ച ഗവേഷകർ. ഡൈവിങ് ഇൻസ്ട്രക്ടറും ബോട്ട് ഓപ്പറേഷൻസ് മാനേജരുമായ ജിയാൻലൂക്ക ബെനഡെറ്റിയാണ് മരിച്ച അഞ്ചാമത്തെ ഇറ്റാലിയൻ പൗരൻ.
പവിഴപ്പുറ്റുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണ യാത്രയുടെ ഭാഗമായാണ് സംഘം വാവു അറ്റോളിൽ എത്തിയത്. എന്നാൽ, നിശ്ചിത സമയ കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദുരന്തവിവരം പുറത്തറിയുന്നത്.
മാലിദ്വീപ് മാരിടൈം അതോറിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ 30 മീറ്ററിലധികം ആഴത്തിലേക്ക് ഡൈവ് ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് സംഘം 60 മീറ്റർ ആഴത്തിലുള്ള ഗുഹയിലേക്ക് ഇറങ്ങിയതെന്ന് ടൂർ ഓപ്പറേറ്റർ വ്യക്തമാക്കുന്നു. മാത്രമല്ല, ഇത്തരം ആഴമേറിയ ഗുഹകളിൽ ഡൈവിങ് നടത്തുമ്പോൾ ഉപയോഗിക്കേണ്ട പ്രത്യേക സാങ്കേതിക ഉപകരണങ്ങൾക്ക് പകരം സാധാരണ വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന സ്കൂബ കിറ്റുകളാണ് ഇവർ ധരിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഗുഹയ്ക്കുള്ളിലെ പരിമിതമായ കാഴ്ചയും പെട്ടെന്ന് മുകളിലേക്ക് വരാൻ കഴിയാത്ത സാഹചര്യവുമാകാം പരിചയസമ്പന്നരായ ഡൈവർമാരുടെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ഗുഹയ്ക്കുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.










0 comments