കുവൈത്ത് വിഷമദ്യ ദുരന്തം: മരണസംഖ്യ 23 ആയി, 160 പേർ ചികിത്സയിൽ

പ്രതീകാത്മകചിത്രം
കുവൈത്ത് സിറ്റി : കുവൈത്തിൽ വിഷമദ്യം ഉപയോഗിച്ചതിനെ തുടർന്നുള്ള മരണസംഖ്യ 23 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 160 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 40 ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും എല്ലാവരും ഏഷ്യൻ വംശജരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗബാധിതരിൽ ഭൂരിഭാഗവും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. വിഷബാധ സംശയിക്കുന്ന ഏതെങ്കിലും പുതിയ സംഭവങ്ങൾ ഉടൻ തന്നെ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈനുകളിലൂടെയോ അംഗീകൃത ആശയവിനിമയ മാർഗങ്ങളിലൂടെയോ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും പ്രവാസികളോടും മന്ത്രാലയം അഭ്യർഥിച്ചു.
കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽനിന്ന് മദ്യം കഴിച്ചവരാണ് ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിഷമദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതലാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും വിവരമുണ്ട്.
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജ മദ്യനിർമാണത്തിനെതിരെ അധികൃതർ കടുത്ത നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽനിന്ന് മദ്യം വാങ്ങി വ്യത്യസ്ത സ്ഥലങ്ങളിൽനിന്നായി മദ്യപിച്ചവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ മലയാളികളുമുണ്ടെന്ന സംശയമുണ്ട്.








0 comments