കുവൈത്തിൽ വിഷമദ്യ ദുരന്തം ; മലയാളികൾ ഉൾപ്പെടെ 10 മരണം

കുവൈത്ത് സിറ്റി
കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് പത്ത് പ്രവാസി തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്. അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽനിന്ന് മദ്യം കഴിച്ചവരാണ് ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിഷമദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതലാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. 63 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. മരിച്ചവരുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജ മദ്യനിർമാണത്തിനെതിരെ അധികൃതർ കടുത്ത നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽനിന്ന് മദ്യം വാങ്ങി വ്യത്യസ്ത സ്ഥലങ്ങളിൽനിന്നായി മദ്യപിച്ചവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ഉണ്ടെന്നും സൂചനകളുണ്ടെങ്കിലും ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേയിലും കുവൈത്തിൽ വിഷമദ്യം കഴിച്ച് രണ്ട് നേപ്പാൾ സ്വദേശികൾ മരിച്ചു.








0 comments