ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിൽ ചേരാനുള്ള ഷെഹ്ബാസ് ഷെരീഫിന്റെ തീരുമാനം തള്ളി പാക് പ്രവിശ്യാ സര്‍ക്കാര്‍

കറാച്ചി:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ഗാസ സമാധാന ബോർഡിൽ ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ തള്ളി ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ അസംബ്ലി.ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം ഷെഹബാസ് ഷരീഫിന്റെ നീക്കത്തെ അപലപിച്ചു.
ഗാസ സമാധാന ബോർഡിനായുള്ള ചാർട്ടറിൽ ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് തൊട്ടാണ് പ്രവിശ്യ അസംബ്ലിയിലെ പ്രതികരണം.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വാർഷിക ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ട്രംപ് പാകിസ്ഥാനെ കക്ഷി ചേരാൻ ക്ഷണിച്ചത്.അത് പിന്നീട് അംഗീകരിക്കപ്പെട്ടു.
ഇതിനെതിരെ സ്പീക്കർ ബാബർ സലീം സ്വാതി അധ്യക്ഷനായ കെപികെ അസംബ്ലി ശക്തമായ നിലപാടെടുത്തു.പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫിന്റെ നിയമമന്ത്രി അഫ്താബ് ആലം അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (എഫ്)കക്ഷിയും പ്രമേയത്തെ പിന്തുണച്ചു. 2013മുതൽ ഇമ്രാൻ ഖാന്റെ പാർട്ടിയാണ് ഈ പ്രവിശ്യ ഭരിക്കുന്നത്.
സമാധാന ബോർഡിൽ ചേരുന്നത് പാകിസ്ഥാന്റെ ചരിത്രപരവും തത്വാധിഷ്ഠിതവുമായ നിലപാടിനും പലസ്തീൻ ജനതയുടെ ഇച്ഛയ്ക്കും വിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും നിലനിൽപിനും പലസ്തീനികളുടെ സ്വയം നിർണ്ണയാവകാശത്തിനും വിരുദ്ധമാണ് സമാധാന ബോർഡ് എന്ന് സഭ ചൂണ്ടിക്കാട്ടി. ഇസ്രായേലി അതിക്രമങ്ങൾ ശക്തിപ്പെടുത്താൻ മാത്രമാണ് ഇത് സഹായിക്കുന്നത് എന്നും വിലയിരുത്തി.
യുഎസിന്റെയും ഇസ്രായേലിന്റെയും രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ വേദിയായിട്ടാണ് ബോർഡിനെ പ്രമേയം വിശേഷിപ്പിച്ചത്.അടിസ്ഥാനപരമായി അവരുടെ പ്രത്യേക അജണ്ട നിറവേറ്റുന്നതിനായി നിര്‍മ്മിക്കപ്പെട്ടത് എന്നും വിലയിരുത്തി.










0 comments