ad
Deshabhimani

നിങ്ങളുടെ കയ്യിലുള്ളത് മോഷ്ടിക്കപ്പെട്ട കിറ്റ്കാറ്റാണോ? കണ്ടെത്താൻ ട്രാക്കർ പുറത്തിറക്കി നെസ്‌ലെ

നിങ്ങളുടെ കയ്യിലുള്ളത് മോഷ്ടിക്കപ്പെട്ട കിറ്റ്കാറ്റാണോ? കണ്ടെത്താൻ ട്രാക്കർ പുറത്തിറക്കി നെസ്‌ലെ
വെബ് ഡെസ്ക്

Published on Apr 02, 2026, 04:04 PM | 1 min read

ഇറ്റലി : ഈസ്റ്റർ പ്രമാണിച്ച് പുതുതായി ഉണ്ടാക്കിയ, പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് കള്ളന്മാർ കൊണ്ടുപോയ വാർത്ത കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകമറിഞ്ഞത്. മധ്യ ഇറ്റലിയിലെ ഉത്പാദനകേന്ദ്രത്തിൽനിന്ന് പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകുംവഴിയാണ് മോഷണം. ഈ വിവരം അറിഞ്ഞതോടെ മോഷണത്തെക്കുറിച്ചുള്ള നെസ്‌ലെയുടെ പ്രസ്താവനകൾക്ക് മറുപടിയായി വിവിധ ബ്രാൻഡുകൾ തമാശ രൂപേണയുള്ള 'ഔദ്യോഗിക പ്രസ്താവനകൾ' പുറത്തിറക്കിയിരുന്നു.


ഇപ്പോഴിതാ നഷ്ടപ്പെട്ട കിറ്റ്കാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതിനായി നെസ്‌ലെ ചോക്ലേറ്റ് ബ്രാൻഡ് സോഷ്യൽമീഡിയയിലൂടെ മറ്റൊരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. 'മറ്റ് ഔദ്യോഗിക പ്രസ്താവനകളോടുള്ള പ്രതികരണമായുള്ള ഔദ്യോഗിക പ്രസ്താവന' എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.


നഷ്ടപ്പെട്ട കിറ്റ്കാറ്റിന്റെ കാര്യത്തിലുള്ള നിങ്ങളുടെ സാന്ത്വനത്തിന് നന്ദി. എന്നാൽ വ്യക്തമാക്കാൻ പറയുകയാണ്; ഇത് ഒരു ഏപ്രിൽ ഫൂൾ തമാശ അല്ല. 12 ടൺ കിറ്റ് കാറ്റുകൾ മോഷണം പോയത് സത്യമാണ്. ഞങ്ങൾക്ക് മോഷണം നടത്തിയവരെ കണ്ടെത്തണം. അതുകൊണ്ട്, ഒരു 'സ്റ്റോളൻ കിറ്റ് കാറ്റ് ട്രാക്കർ' ഉണ്ടാക്കിയിട്ടുണ്ട്. ഇത് നിങ്ങളുടെ കിറ്റ്കാറ്റ് മോഷ്ടിക്കപ്പെട്ട കൂട്ടത്തിൽപെട്ടതാണോ എന്ന് പരിശോധിക്കാൻ സഹായിക്കും', പ്രസ്താവനയിൽ പറയുന്നു. ബയോയിൽ ഇതിനായുള്ള ലിങ്കും കമ്പനി ചേർത്തിട്ടുണ്ട്.


ഈ ലിങ്ക് തുറന്ന് 'സ്റ്റോളൻ കിറ്റ്കാറ്റ് ട്രാക്കർ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 413,793 കിറ്റ് കാറ്റുകൾ മോഷ്ടിക്കപ്പെട്ടു. നിങ്ങളുടെ കിറ്റ്കാറ്റിന്റെ പിൻവശത്തെ എട്ടക്ക ബാച്ച് നമ്പർ നോക്കുക- എന്നാണ് അതിൽ എഴുതിയിട്ടുള്ളത്. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ കിറ്റ്കാറ്റിന്റെ ബാച്ച് കോഡ് ഫോമിൽ ടൈപ്പ് ചെയ്ത് നൽകാം. അവരുടെ വെബ്‌സൈറ്റിലെ ട്രാക്കറിൽ നിങ്ങളുടെ കയ്യിലുള്ള ചോക്ലേറ്റിന്റെ എട്ടക്ക ബാച്ച് നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുമ്പോൾ, സിസ്റ്റം ആ നമ്പർ കമ്പനിയുടെ ഡാറ്റാബേസിലുള്ള മോഷണം പോയ കിറ്റ്കാറ്റുകളുടെ നമ്പറുകളുമായി ഒത്തുനോക്കും.


നിങ്ങൾ നൽകിയ നമ്പറും കമ്പനിയുടെ പക്കലുള്ള മോഷ്ടിക്കപ്പെട്ട കിറ്റ്കാറ്റുകളുടെ നമ്പറുകളിൽ ഏതെങ്കിലുമൊന്നുമായി യോജിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കയ്യിലുള്ളത് ആ മോഷണം പോയ കൂട്ടത്തിൽപ്പെട്ടതാണെന്ന് സിസ്റ്റം അറിയിക്കും. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.











Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home