അമ്മവീട് ലക്ഷ്യമാക്കി ഇറങ്ങി; 28 വർഷം, 29 രാജ്യങ്ങൾ, 50,000 കിലോമീറ്റർ: ഇംഗ്ലണ്ടിലെത്തി സാഹസികൻ

ബ്രിട്ടീഷ് സാഹസികൻ കാൾ ബുഷ്ബി
ലണ്ടൻ: 28 വർഷം നീണ്ട ലോകപര്യടനത്തിന് ശേഷം ബ്രിട്ടീഷ് സാഹസികൻ കാൾ ബുഷ്ബി ഇംഗ്ലണ്ടിലെത്തി. ലോകം കാൽനടയായി ചുറ്റി വടക്കൻ ഇംഗ്ലണ്ടിലെ ഹളിനടുത്തുള്ള അമ്മയുടെ വീട്ടിലെത്തുകയായിരുന്നു ലക്ഷ്യം. 1998 നവംബർ ഒന്നിന് 29-ാം വയസ്സിലാണ് തെക്കൻ ചിലിയിലെ പൂണ്ട അരീനസിൽ നിന്ന് ബുഷ്ബി യാത്ര ആരംഭിച്ചത്.
29 രാജ്യങ്ങളിലൂടെ ഏകദേശം 50,000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് 57 കാരനായ ബുഷ്ബി നാട്ടിൽ തിരിച്ചെത്തിയത്. യാത്രയുടെ അവസാന ഘട്ടത്തിൽ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നാണ് ബ്രിട്ടനിലെത്തിയത്.
ഫ്രാൻസിൽ നിന്ന് മൂന്ന് ദിവസമെടുത്താണ് ബുഷ്ബി ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നത്. ഏകദേശം 20 മണിക്കൂർ വെള്ളത്തിൽ ചെലവഴിച്ച അദ്ദേഹം തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ ഡോവറിന് സമീപത്തെ ഷേക്സ്പിയർ ബീച്ചിലെത്തി.
യാത്രയ്ക്കിടെ തെക്കേ അമേരിക്ക, മധ്യ അമേരിക്ക, അമേരിക്ക, കാനഡ, സൈബീരിയ, മംഗോളിയ, ചൈന തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. ബെറിങ് കടലിടുക്കും കാസ്പിയൻ കടലും കടന്നത് യാത്രയിലെ പ്രധാന വെല്ലുവിളികളായിരുന്നു. കാസ്പിയൻ കടൽ കടക്കാൻ 31 ദിവസമെടുത്തു.
വിസ നിയന്ത്രണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, സ്പോൺസർമാരുടെ അഭാവം, കോവിഡ് മഹാമാരി, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ യാത്ര പലതവണ തടസപ്പെടുത്തി. ചാനൽ ടണലിലെ സർവീസ് ടണൽ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാൻ തീരുമാനിച്ചത്.
ബ്രിട്ടനിലെത്തിയ ബുഷ്ബിയെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചു. യാത്രയെ ആസ്പദമാക്കി ‘വാക് ഓഫ് ലൈഫ് ’ എന്ന ഡോക്യുമെന്ററി ഒരുക്കുന്ന സംവിധായകൻ വെർണർ ഹെർസോഗും സ്വീകരണത്തിൽ പങ്കെടുത്തു.
യാത്രയുടെ അവസാന ലക്ഷ്യമായ ഹളിൽ നവംബർ ആദ്യത്തോടെ എത്താനാണ് ബുഷ്ബിയുടെ പദ്ധതി. തന്റെ യാത്ര പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ മനുഷ്യന് കഴിയുമെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.









0 comments