Deshabhimani

ജന്തർ മന്തറിലെ പൊലീസ് വേട്ട അപലപനീയം; വരാനിരിക്കുന്നത് ശക്തമായ പ്രക്ഷോഭം: കിസാൻ മോർച്ച

kisan morcha march
വെബ് ഡെസ്ക്

Published on Oct 07, 2026, 07:27 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ഡൽഹി പൊലീസ് നടത്തുന്ന അതിക്രമങ്ങളെയും വനിത പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെയും സംയുക്ത കിസാൻ മോർച്ച ശക്തമായി അപലപിച്ചു. എസ്‌ഐആർ തട്ടിപ്പിലൂടെ തയ്യാറാക്കിയ കൃത്രിമ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ അസാധുവാക്കണമെന്ന് കിസാൻ മോർച്ച സുപ്രീം കോടതിയോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


സമാധാനപരമായ പ്രതിഷേധം എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശമാണ്. അതിന് പ്രത്യേക അനുമതിയൊന്നും ആവശ്യമില്ല. പ്രതിഷേധ സ്ഥലത്ത് നിന്ന് പ്രതിഷേധക്കാരെ ബലമായി നീക്കം ചെയ്യുന്ന പൊലീസ് നയം മാറ്റേണ്ടതുണ്ട്. പൗരന്മാരുടെ ന്യായവും നിയമപരവുമായ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും മുന്നോട്ട് വരണം.


സുതാര്യതയില്ലാതെ വോട്ടർ പട്ടികയിൽ നിന്ന് 13 കോടി വോട്ടർമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, ദരിദ്രരായ കർഷകർ തുടങ്ങിയവരെയാണ് ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഇതോടെ ക്ഷേമപദ്ധതികൾ ഉൾപ്പെടെ ഇവർക്ക് നിഷേധിക്കപ്പെടുന്നു. ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഉത്തരവാദികളായ മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രസാതാവനയിൽ പറഞ്ഞു.


ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എസ്ഐആർ ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ഹൾക്കെതിരെ വരാനിരിക്കുന്ന ബഹുജന പ്രക്ഷോഭങ്ങളിൽ എല്ലാവരും അണിനിരക്കണമെന്ന് കിസാൻ മോർച്ച ആഹ്വാനം ചെയ്തു. തുടർ നടപടികൾ ചർച്ച ചെയ്യാനായി ഒക്ടോബർ 12ന് ഹരിയാനയിലെ കർണാലിൽ എസ്കെഎം ജനറൽ ബോഡി യോഗം ചേരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home