സ്വന്തം റൈഫിളിൽ നിന്ന് വെടിയേറ്റ് ബിഎസ്എഫ് ഉദ്യോഗസ്ഥ മരിച്ചു

ശ്രീനഗർ: ജമ്മുവിലെ ഇന്ത്യാ - പാക് അതിർത്തിയിൽ സർവീസ് റൈഫിളിൽ നിന്ന് വെടിയേറ്റ് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ മരിച്ചു. ബിഎസ്എഫ് ഏഴാം ബറ്റാലിയനിലെ അംഗമായ രാജലക്ഷ്മിയാണ് മരിച്ചത്. സുശീൽ ബോർഡർ ഔട്ട് പോസ്റ്റിൽ വിന്യസിച്ചിരുന്ന സംഘത്തിനൊപ്പം അതിർത്തി ഡ്യൂട്ടിയിലായിരുന്നു രാജലക്ഷ്മി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
രാജലക്ഷ്മിയുടെ സ്വന്തം സർവീസ് റൈഫിളിൽ നിന്നാണ് വെടിയേറ്റത്. നെഞ്ചിലാണ് വെടിയേറ്റത്. ഉടൻ തന്നെ ആർ എസ് പുരയിലെ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയുതിർത്തതാണോ, ആത്മഹത്യയാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബിഎസ്എഫ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവത്തിൽ സുരക്ഷാ ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ച രാജലക്ഷ്മി.








0 comments