ad
Deshabhimani

​പലസ്തീൻ അനുകൂല പ്രതിഷേധം; ആക്ടിവിസ്റ്റിനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതി

US IMMIGRATION COURT
വെബ് ഡെസ്ക്

Published on Feb 18, 2026, 10:40 AM | 1 min read

ന്യൂയോർക്ക് : ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ആക്ടിവിസ്റ്റിനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതി. പലസ്തീൻ ബിരുദ വിദ്യാർഥി മൊഹ്‌സെൻ മഹ്ദവിയെ നാടുകടത്തുന്നത് തടഞ്ഞാണ് കോടതി ഉത്തരവിട്ടത്. പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചവരെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ സർക്കാരിന്റെ ശ്രമത്തിനുള്ള തിരിച്ചടിയാണ് വിധി.


ഗാസയിലെ സംഘർഷത്തിൽ യുഎസിലെ സർവകലാശാലകൾക്കുള്ള പ്രതികരണത്തെ വിമർശിച്ച ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ബിരുദ വിദ്യാർഥിനിയായ റുമേസ ഓസ്തുർക്കിനെ നാടുകടത്താനുള്ള ട്രംപിന്റെ ശ്രമത്തെ കഴിഞ്ഞ മാസം പ്രത്യേക കുടിയേറ്റ കോടതി തടഞ്ഞിരുന്നു.


പത്തുവർഷമായി യുഎസിൽ സ്ഥിരതാമസക്കാരനായ മഹ്ദവി, ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിലാണ് ജനിച്ചത്. കഴിഞ്ഞ ഏപ്രിലിൽ പൗരത്വ അഭിമുഖത്തിനിടെ ഇമിഗ്രേഷൻ ഏജന്റുമാർ മഹ്ദവിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷം ഫെഡറൽ കോടതി മഹ്ദവിയെ വിട്ടയച്ചു. ഇതിനു ശേഷവും തന്നെ നാടുകടത്താനുള്ള ശ്രമം സർക്കാർ തുടരുകയാണെന്ന് മഹ്ദവി പറഞ്ഞു.


പൗരന്മാരല്ലാത്തവരുടെ സാന്നിധ്യം യുഎസ് വിദേശനയ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തിയാൽ അവരെ രാജ്യത്ത് നിന്ന് പുറത്താക്കാമെന്ന് വാദിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഒരു മെമ്മോ ഉദ്ധരിച്ചാണ് ഉദ്യോ​ഗസ്ഥരുടെ നടപടി. സർക്കാർ അഭിഭാഷകർ രേഖയുടെ ഒരു ഫോട്ടോകോപ്പി കോടതിയിൽ സമർപ്പിച്ചെങ്കിലും തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അതിനാൽ മഹ്ദവിയെ നാടുകടത്താൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.


കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്ന് മഹ്ദവി വ്യക്തമാക്കി. നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് വാദിച്ച് മഹ്ദവി ഫെഡറൽ ജില്ലാ കോടതിയിൽ പ്രത്യേക കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് ഇപ്പോഴും തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home