ഐപാക് സംഭാവന കൈപ്പറ്റിയതിൽ ആരോപണം നേരിടുന്ന നേതാവ്
വെസ്റ്റ്ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം കൊണ്ടുവരുമെന്ന് യുഎസ് നിയുക്ത സ്പീക്കര്‍ ഹക്കീം ജെഫ്രീസ്

വാഷിങ്ടൺ:വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാർക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന നിമയനിര്മാണത്തിന് മുൻഗണന നൽകുമെന്ന് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്. ഇടക്കാല തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്ത വർഷം യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി ചുമതലയേൽക്കാനിരിക്കുന്ന ജെഫ്രീസ് ന്യൂയോര്‍ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഗാസയിലെ സാധാരണ മനുഷ്യരും കുട്ടികളും അനുഭവിക്കുന്ന മരണവും നാശനഷ്ടങ്ങളും "അംഗീകരിക്കാനാവാത്തതും, സംഭവിക്കാൻ പാടില്ലാത്തതും, അമേരിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്" എന്ന് ജെഫ്രീസ് വിശേഷിപ്പിച്ചു. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം, മരുന്നുകൾ, പാർപ്പിട സൗകര്യങ്ങൾ, ശുദ്ധജലം എന്നിവ എത്തിക്കാൻ അമേരിക്ക മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലസ്തീൻ സായുധ സംഘങ്ങള്‍ക്ക് എതിരെയും ഉപരോധം കൊണ്ടു വരും. അതേ സമയം, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് ശാശ്വത പരിഹാരമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാൻ അമേരിക്ക സർവ്വശക്തിയുമുപയോഗിച്ച് പ്രവർത്തിക്കും എന്നും പറഞ്ഞു. സുരക്ഷിതമായ ഇസ്രായേലിനൊപ്പം സ്വതന്ത്രവും അന്തസ്സുള്ളതുമായ ഒരു പലസ്തീൻ രാഷ്ട്രവും നിലനിൽക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തുകയും പിന്നീട് ഡൊണാൾഡ് ട്രംപ് റദ്ദാക്കുകയും ചെയ്ത ഉപരോധങ്ങൾ നിയമപരമായി പുനഃസ്ഥാപിക്കുന്ന 'വെസ്റ്റ് ബാങ്ക് വയലൻസ് പ്രിവൻഷൻ ആക്ട്' (West Bank Violence Prevention Act) പാസാക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ജെഫ്രീസ് വ്യക്തമാക്കി.
ഇസ്രായേലിനുള്ള ചില യുഎസ് ആയുധ വിൽപ്പനകൾ നിരോധിക്കുന്ന 'ബ്ലോക്ക് ദി ബോംബ്സ് ആക്ട്' , പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന 'സ്റ്റോപ്പ് ദി സെറ്റിൽമെന്റ്സ് ആക്ട്' എന്നീ ബില്ലുകളെക്കുറിച്ച് പാർട്ടി അംഗങ്ങളുമായി ചർച്ച ചെയ്യുമെന്നും ജെഫ്രീസ് അറിയിച്ചു. എന്നാൽ, ഈ രണ്ട് ബില്ലുകളെയും പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ അദ്ദേഹം തയ്യാറായുമില്ല.
ഇസ്രയേൽ ലോബിയുടെ
പണം പറ്റിയ നേതാവ്
ഇസ്രയേൽ അനുകൂല ലോബിയായ ഐപാകിന്റെ പിന്തുണയുള്ള നേതാവാണ് ഇദ്ദേഹം. ഡെമോക്രാറ്റ് പാര്‍ടിയിലെ പുരോഗമന വിഭാഗം ജെഫ്രീസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു ശേഷമാണ് അഭിമുഖത്തിലെ വാക്കുകള്‍. കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇസ്രായേൽ വിരുദ്ധ നിലപാടുള്ള നിരവധി പേർ വിജയിച്ചതോടെ ഇസ്രായേലിനുള്ള സൈനിക സഹായം കുറയ്ക്കാൻ ജെഫ്രീസിന് മേൽ സമ്മർദ്ദമേറുകയാണ്. അതേ സമയം ഐപാകിന്റെ പിന്തുണ തള്ളിക്കളയില്ലെന്നും ജെഫ്രീസ് ആവര്‍ത്തിച്ചു. ഫണ്ടിങ് സ്വീകരിക്കുന്നത് ജനപ്രതിനിധികളുടെ വോട്ടിങ്ങിനെ സ്വാധീനിക്കില്ല എന്നായിരുന്നു വാദം.
ജനപ്രതിനിധി സഭയിൽ ഈ ബില്ലുകൾ പാസായാലും റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീറ്റോ അധികാരവും നിലനിൽക്കും. ഈ സാഹചര്യത്തിൽ ജെഫ്രീസ് അവകാശപ്പെടുന്ന മാറ്റങ്ങള്‍ നിയമമാകാൻ സാധ്യത നേരിയതാണെന്നാണ് രാഷ്രട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഫെഡറൽ ഇലക്ഷൻ കമ്മീഷൻ രേഖകൾ ഉദ്ധരിച്ച് 'ട്രാക്ക് ഐപാക്' (Track AIPAC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇസ്രായേൽ അനുകൂല ലോബികളിൽ നിന്ന് ജെഫ്രീസിന് ആകെ 1.5 ദശലക്ഷം ഡോളറിലധികം സംഭാവന ലഭിച്ചിട്ടുണ്ട്. 'ട്രൂത്ത്ഔട്ട്' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 2025-2026 തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രം ഐപാക്കിൽ നിന്ന് ഏകദേശം 50,000 ഡോളറും മറ്റ് ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് 3,15,000 ഡോളറും അദ്ദേഹത്തിന് ലഭിച്ചു. ഇത്തരത്തിൽ വിമര്‍ശനങ്ങള്‍ നിലനിൽക്കുമ്പോഴും വിമർശനങ്ങൾ നിലനിൽക്കുമ്പോഴും, ഡെമോക്രാറ്റിക് കോക്കസിലെ 251 അംഗങ്ങളുടെ പിന്തുണയോടെയാണ് ജെഫ്രീസ് സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.








0 comments