Deshabhimani

ഇ എം രാധ അന്തരിച്ചു

e m radha
വെബ് ഡെസ്ക്

Published on Nov 22, 2026, 12:28 PM | 1 min read

തിരുവനന്തപുരം: എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ (70) അന്തരിച്ചു. അർബുദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും ആര്യാ അന്തർജനത്തിന്റെയും മകളാണ്. വനിതാ കമീഷൻ മുൻ അംഗവും ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു. വഴുതക്കാട് കോട്ടൺഹിൽ ഹൈറ്റ്‌സിലായിരുന്നു താമസം.


രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായി. ഇ എം എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന 'ഇ എം എസ്–മകളുടെ ഓർമകൾ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഇ എം എസിന്റെ ജീവിതത്തെ മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കൃതിയാണിത്.


ദേശാഭിമാനിയുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്നു. 1988ൽ ദേശാഭിമാനിയിൽ സീനിയർ ക്ലർക്കായി. തുടർന്ന് സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ, കാഷ്യർ, പർച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജർ തുടങ്ങി വിവിധ ചുമതലകൾ വഹിച്ചു. 2012ൽ അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജരായാണ് വിരമിച്ചത്. രണ്ടര പതിറ്റാണ്ടോളം ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിൽ പ്രവർത്തിച്ചു.


ഔദ്യോഗിക ജീവിതത്തിനൊപ്പം പൊതുരംഗത്തും സജീവമായിരുന്നു. വനിതാ കമീഷനിലെയും വയോജന കമീഷനിലെയും പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രവർത്തനങ്ങളിലും പങ്കാളിയായി. എഴുത്തുകാരിയെന്ന നിലയിലും സാമൂഹ്യ–സാംസ്കാരിക വേദികളിലും സാന്നിധ്യമറിയിച്ചു.


ഭർത്താവ്: സി കെ ഗുപ്തൻ (മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്). മകൻ: സിദ്ധാർഥ് ഗുപ്തൻ. മരുമകൾ: സ്നേഹപ്രിയ.


പരേതരായ ഡോ. മാലതി ദാമോദരൻ, ഇ എം ശ്രീധരൻ, എസ് ശശി എന്നിവർ സഹോദരങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home