ജപ്പാനിൽ കനത്ത മഞ്ഞുവീഴ്ച; രണ്ടാഴ്ചയ്ക്കിടെ മരണം 30 ആയി, ജനജീവിതം ദുസ്സഹം

ടോക്കിയോ: ജപ്പാനിൽ രണ്ടാഴ്ചയായി തുടരുന്ന അതിശക്തമായ മഞ്ഞുവീഴ്ചയിൽ മരിച്ചവരുടെ എണ്ണം 30 ആയി. രാജ്യത്തിന്റെ വടക്കൻ മേഖലകളിലാണ് കാലാവസ്ഥാ വ്യതിയാനം കടുത്ത നാശം വിതയ്ക്കുന്നത്.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡ്, റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കൻ പ്രവിശ്യയായ അയോമോറിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.
ഇവിടെ പലയിടത്തും 4.5 മീറ്റർ (14 അടി) വരെ ഉയരത്തിലാണ് മഞ്ഞ് മൂടിക്കിടക്കുന്നത്. വീടിന് പുറത്ത് മഞ്ഞുകട്ടകൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെത്തിയത്.
വീടിന്റെ മേൽക്കൂരയിൽ നിന്ന് മഞ്ഞ് വീണ് ശ്വാസം മുട്ടി മരിച്ച നിലയിൽ 91 വയസ്സുകാരിയുടെ മൃതദേഹവും കണ്ടെടുത്തു. രക്ഷാപ്രവർത്തനങ്ങൾക്കും മഞ്ഞ് നീക്കം ചെയ്യുന്നതിനുമായി ജപ്പാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു.
പ്രധാനമന്ത്രി സനേ തകൈച്ചി ചൊവ്വാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
കനത്ത മഞ്ഞുവീഴ്ച കാരണം സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും ഓഫീസുകളിൽ എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അയോമോറി ഗവർണർ സോയിച്ചിറോ മിയാഷിത പറഞ്ഞു.
പലയിടങ്ങളിലും മഞ്ഞ് നീക്കം ചെയ്യാൻ യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വീടുകളുടെ മേൽക്കൂരകളിൽ മഞ്ഞ് കുന്നുകൂടുന്നത് കെട്ടിടങ്ങൾ തകരാൻ കാരണമാകുന്നുണ്ട്.
താപനില ഉയരുമ്പോൾ മഞ്ഞ് ഉരുകി താഴേക്ക് വീഴുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ജപ്പാൻ കടലിന്റെ തീരപ്രദേശങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം മഞ്ഞാണ് ഇത്തവണ രേഖപ്പെടുത്തിയത്.











0 comments