print edition ജപ്പാന്‍ തെരഞ്ഞെടുപ്പ് ; സനേ തകായിച്ചിയുടെ സഖ്യത്തിന് വന്‍ വിജയം

ടോക്കിയോ
ജപ്പാൻ പാർലമെന്റിന്റെ അധോസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനേ തകായിച്ചിയുടെ നേതൃത്വത്തിലുള്ള യഥാസ്ഥിതിക കൂട്ടുകക്ഷി സഖ്യത്തിന് വന്‍വിജയം. 465 സീറ്റിൽ ലിബറൽ ഡെമോക്രാറ്റിക് പാർടി( എൽഡിപി) സഖ്യം 310 സീറ്റ് നേടുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സഭയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഭരണസഖ്യത്തിന് ലഭിക്കും. ഉപരിസഭയിൽ ഭൂരിപക്ഷമില്ലാത്തത് മൂലം നേരിട്ടിരുന്ന വെല്ലുവിളികൾ ഭരണകക്ഷിക്ക് മറികടക്കാനാകും.
പ്രതിപക്ഷ കക്ഷികളായ സിഡിപിയും കോമിറ്റോയും ഒന്നിച്ചിട്ടും സീറ്റുകൾ 37-നും 91-നും ഇടയിലായി ഒതുങ്ങി. വന്‍ പരാജയത്തെത്തുടർന്ന് പ്രതിപക്ഷ നേതാവ് യോഷിഹിക്കോ നോഡ രാജിവച്ചേക്കുമെന്നാണ് സൂചനകൾ. ഒക്‌ടോബറിലാണ് ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി അധികാരമേറ്റെടുത്തത്. മൂന്ന് മാസത്തിനുള്ളിൽ പ്രഖ്യാപിച്ച പൊതുതെരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ ചൂതാട്ടമായിരുന്നെങ്കിലും ജനവിധി അവർക്ക് അനുകൂലമായി. മുൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട് രാജിവച്ചതിനെത്തുടർന്നാണ് അവർ എൽഡിപി നേതാവായത്. മൂന്ന് വർഷത്തിനിടെ നാലു പേരാണ് ജപ്പാനിൽ പ്രധാനമന്ത്രി പദത്തിലെത്തിയത്. കടുത്ത യാഥാസ്ഥിതിക വീക്ഷണം പുലർത്തുന്ന ഇവര്‍ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ കടുത്ത ആരാധികയാണ്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ രാജിവയ്‍ക്കുമെന്ന് തകായിച്ചി പ്രഖ്യാപിച്ചിരുന്നു.
യുവജനങ്ങളുടെ വോട്ടുകൾ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഞ്ഞുവീഴ്ച ജപ്പാനിലെ പോളിങ് ശതമാനത്തെ ബാധിച്ചു. വിലക്കയറ്റം നേരിടാൻ ഭക്ഷണസാധനങ്ങളുടെ എട്ടുശതമാനം വിൽപന നികുതി താൽക്കാലികമായി നിർത്തലാക്കുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു.










0 comments