റെക്കോഡിട്ട് ജപ്പാൻ; നൂറിന്റെ നിറവിൽ 1.07 ലക്ഷം പേർ

ടോക്കിയോ : ജപ്പാനിൽ നൂറോ അതിനു മുകളിലോ പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതായി ആരോഗ്യ മന്ത്രാലയം. ലോകത്തിൽ ഏറ്റവും കൂടുതൽ നൂറു വയസുള്ളവരുള്ളത് ജപ്പാനിലാണ്. നിലവിൽ 1,07,677 പേർക്കാണ് നൂറു വയസ്സ് തികഞ്ഞത്. ഇതിൽ 88 ശതമാനവും സ്ത്രീകളെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ക്യോട്ടോ നഗരത്തിൽ നിന്നുള്ള 114 കാരിയായ കിഷിമോട്ടോ ഫ്യൂയോ ആണ് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ. കുമാമോട്ടോയിൽ നിന്നുള്ള 112 കാരനായ കാറ്റോ ഹികാരുവാണ് ഏറ്റവും പ്രായം കൂടിയ പുരുഷൻ.
ആരോഗ്യ മേഖലയിലെ സമഗ്രമായ പുരോഗതിയാണ് ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ സഹായകമാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനങ്ങൾ ആരോഗ്യത്തോടെ ജീവിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. എന്നാൽ വയോജന ജനസംഖ്യ വർധിച്ചു വരുന്നത് രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ സാമ്പത്തിക സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ജപ്പാൻ ആരോഗ്യമന്ത്രി കെനിചിരോ ഉവേനോ പറഞ്ഞു.
ആരോഗ്യപ്രദമായ ഭക്ഷണക്രമവും ചിട്ടയായ ജീവിതശൈലിയുമാണ് ജാപ്പനീസ് ജനതയുടെ ദീർഘായുസ്സിന് പിന്നിലെ പ്രധാന ഘടകമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാശ്ചാത്യ ഭക്ഷണരീതികളെ അപേക്ഷിച്ച് കൊഴുപ്പ് വളരെ കുറഞ്ഞതാണ് ജപ്പാൻകാരുടെ ഭക്ഷണം. മത്സ്യം, പച്ചക്കറികൾ, ചോറ് എന്നിവ കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണക്രമമാണ് ഇവർ പിന്തുടരുന്നത്. ഇതിനൊപ്പം ദിനചര്യയുടെ ഭാഗമായ നടത്തം, സൈക്ലിംഗ്, പൊതുഗതാഗത സംവിധാനങ്ങളെ മാത്രം ആശ്രയിച്ചുള്ള യാത്ര, കൃത്യമായ ശാരീരിക വ്യായാമം എന്നിവയെല്ലാം ജപ്പാൻകാരെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നുണ്ട്.









0 comments