ബ്രിക്സ് ഉച്ചകോടിക്കിടെ തോക്കുമായി റീൽ; ഡൽഹി പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

ദീപക് ബംഗാര്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ നിന്ന്
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷാ ചുമതലയിലിരിക്കെ തോക്കുകളുമായി ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച ഡൽഹി പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ. നോർത്ത് വെസ്റ്റ് ഡൽഹിയിലെ ഫോറിൻനേഴ്സ് സെല്ലിൽ ജോലി ചെയ്യുന്ന ദീപക് ബംഗാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ വിദേശ പ്രതിനിധികൾ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നിൽ റൂഫ്‌ടോപ്പ് സ്‌നൈപ്പർ ഡ്യൂട്ടിക്കായിരുന്നു ബംഗാറിനെ നിയോഗിച്ചിരുന്നത്. കറുത്ത ഷർട്ട് ധരിച്ച് ലൈറ്റ് മെഷീൻ ഗൺ കൈയിൽ പിടിച്ച് ലക്ഷ്യം വയ്ക്കുന്നതുപോലെ പോസ് ചെയ്യുന്ന ദൃശ്യങ്ങളും ബ്രിക്സ് തിരിച്ചറിയൽ കാർഡ് ധരിച്ച് പോക്കറ്റിൽ പിസ്റ്റൾ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങളുമാണ് ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
റീലുകൾ വൈറലായതോടെയാണ് സംഭവം ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബംഗാറിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സെപ്തംബർ 12, 13 തീയതികളിലായിരുന്നു ഡൽഹിയിൽ രണ്ടു ദിവസത്തെ ബ്രിക്സ് ഉച്ചകോടി നടന്നത്. അംഗരാജ്യങ്ങൾ, പങ്കാളി രാജ്യങ്ങൾ, പ്രാദേശിക സംഘടനകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയിൽ നിന്നായി 32 പ്രതിനിധി സംഘങ്ങളാണ് പങ്കെടുത്തത്.









0 comments