വെടിനിർത്തലിനിടെയും ഗാസയിൽ ഇസ്രയേൽ ക്രൂരത; വ്യോമാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടു

ഗാസ സിറ്റി: മാസങ്ങളായി തുടരുന്ന വെടിനിർത്തൽ കരാറിനെ കാറ്റിൽ പറത്തി ഗാസയിൽ ഇസ്രയേൽ സൈന്യം വീണ്ടും രക്തച്ചൊരിച്ചിൽ നടത്തി. ഫെബ്രുവരി 10 ചൊവ്വാഴ്ച പുലർച്ചെ ഗാസ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്നുവെന്ന് ഷിഫാ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ അഞ്ചിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഗാസ സിറ്റിക്ക് പടിഞ്ഞാറുള്ള ജനവാസ മേഖലകളിലാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണ പൗരന്മാരാണ്. രാത്രി ഉറങ്ങിക്കിടന്ന കുടുംബങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഷിഫാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളിൽ മൂന്ന് കുഞ്ഞുങ്ങളുടേതും ഉൾപ്പെടുന്നു. ദക്ഷിണ ഗാസയിലെ റഫയിൽ തങ്ങളുടെ സൈനികർക്ക് നേരെ വെടിവെപ്പുണ്ടായെന്നും അതിനുള്ള തിരിച്ചടിയെന്നോണമാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.
എന്നാൽ സാധാരണക്കാരുടെ വീടുകളാണ് തകർക്കപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബറിൽ നടപ്പിലാക്കിയ വെടിനിർത്തൽ കരാർ ഇതോടെ പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്. ഒക്ടോബർ പത്തിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 580 കടന്നു.
ചികിത്സയ്ക്കായി രോഗികളെ ഈജിപ്തിലേക്ക് കൊണ്ടുപോകുന്ന റഫ അതിർത്തി കടക്കുന്നതിനും ഇസ്രയേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഗാസയിലെ ആരോഗ്യമേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 72,000-ത്തിലധികം പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങൾ അവഗണിച്ചാണ് ഇസ്രയേൽ ഗാസയിൽ നരനായാട്ട് തുടരുന്നത്.










0 comments