ഇസ്രയേലിന്റെ ലെബനൻ അധിനിവേശം; ഇറാൻ-യു എസ് സമാധാന ചർച്ചകളെ തകര്‍ക്കാനോ

ജറുസലേം: അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ-യുദ്ധ വിരാമ കരാര്‍ നിർണായക ഘട്ടത്തിലെത്തിയിരിക്കെ ലെബനനിലേക്കുള്ള ഇസ്രയേലിന്റെ സൈനിക നീക്കം പരസ്പര ധാരണകളെ ദുർബലപ്പെടുത്തുന്നു.
നിലവിലുള്ള ചർച്ചകൾ ഇറാൻ യുദ്ധത്തിൽ നിന്നുമാത്രമുള്ള വെടിനിർത്തൽ എന്നതിൽ നിന്ന് വിപുലീകരിച്ച് മേഖലയിലെ മറ്റ് സംഘർഷങ്ങൾ കൂടി ഉൾപ്പെടുത്തി സമാധാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് തുടര്‍ന്നിരുന്നത്. കരാറിന്റെ ഭാഗമായി ലെബനനിലെ യുദ്ധം അവസാനിപ്പിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ ഇസ്രയേലിന്റെ ഏറ്റവും പുതിയ നീക്കം ഈ ആവശ്യത്തെ തകിടം മറിക്കുന്നു. നേരത്തെ തന്നെ ഇറാനിലെ സൈനിക ദൗത്യം പൂര്‍ത്തികരിക്കാനായിട്ടില്ല എന്ന നിലപാടിലായിരുന്നു ഇസ്രയേൽ. ഈ സാഹചര്യത്തിൽ യുദ്ധം നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നത് എന്നും വിലയിരുത്തപ്പെടുന്നു.
ഇതിനെതിരെ, ഇസ്രയേൽ ലെബനനിൽ യുദ്ധം വ്യാപിപ്പിക്കുമ്പോൾ, ഞങ്ങൾക്ക് എങ്ങനെ വെടിനിർത്തലിന് സമ്മതിക്കാനാകും? ഇത് ചർച്ചകളെ അട്ടിമറിക്കാനുള്ള നീക്കമാണ്." എന്ന പ്രതികരണമാണ് ഇറാൻ നടത്തിയിരിക്കുന്നത്.
ഇസ്രയേലിന്റെ ലെബനൻ അധിനിവേശത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്കയ്ക്ക് ഇസ്രയേലിനെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും, അവർ ചെയ്യുന്നില്ല. അതിനാൽ, അമേരിക്കയുമായുള്ള ഏത് കരാറും വിലയില്ലാത്തതാണ് എന്ന നിലപാടിലേക്കാണ് ഇറാൻ മാറിയിരിക്കുന്നത്. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന അമേരിക്ക ലെബനനിലെ നടപടികളെ 'ഹിസ്ബുള്ളയ്ക്കെതിരായ പ്രതിരോധം' എന്ന് വിശേഷിപ്പിക്കുന്നു.
ഇസ്രയേലിന്റെ തന്ത്രം
ചർച്ചകൾ തകർക്കാനോ
"ഞങ്ങൾ ആഘാതങ്ങൾ വർദ്ധിപ്പിക്കും." ഇത് ലെബനനിൽ മാത്രമല്ല എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ആഴ്ച പറഞ്ഞത്. ലെബനനിലെ ഇസ്രയേൽ നീക്കങ്ങൾ ഇറാന്റെ പ്രോക്സി ശക്തിയായ ഹിസ്ബുള്ളയെയാണ് ലക്ഷ്യമിടുന്നത്. ഇറാൻ യുദ്ധത്തിന് മാത്രമുള്ള വെടിനിർത്തൽ കരാർ ലെബനനിൽ ബാധകമല്ലെന്ന് ഇസ്രയേൽ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ഇത് ഇറാനെ ചർച്ചകളിൽ പ്രതിരോധത്തിലാക്കുന്നു. കരാര്‍ പ്രവാര്‍ത്തികമാക്കുന്നത് തടയുന്നു.
ഒരു ഭാഗത്ത് ഇറാനുമായുള്ള ചർച്ചകൾ തുടരുക മറുഭാഗത്ത് ഇസ്രയേൽ സഖ്യകക്ഷിയെ നിയന്ത്രിക്കാൻ കഴിയാതെ വരിക എന്നത് അമേരിക്കയുടെ മേഖലാ നയത്തിന്റെ പരാജയമായി ചര്‍ച്ചകൾ ഉയര്‍ന്നു വരുന്നുണ്ട്.

ഇസ്രയേലിലെ രാഷ്ട്രീയവും
അധികാര പോരാട്ടങ്ങളും
പശ്ചിമേഷ്യയിൽ ഉണ്ടാകുന്ന പുതിയ നയതന്ത്ര, യുദ്ധ നീക്കങ്ങളെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പുമായും ബന്ധപ്പെടുത്തി വിലയിരുത്തുന്നുണ്ട്. ഇറാനുമായി അമേരിക്ക നടത്തുന്ന നയതന്ത്ര ചർച്ചകൾ ഇസ്രായേലിന്റെ യുദ്ധലക്ഷ്യങ്ങളെ പൂർണ്ണമായി തകർക്കുന്നതാണെന്ന കടുത്ത വിമർശനവുമായി ഇസ്രായേലി പ്രതിപക്ഷ നേതാവ് യായർ ലാപിഡ് രംഗത്ത് വന്നിരുന്നു. മെച്ചപ്പെട്ട ഒരു കരാറിലെത്താൻ സ്വാധീനം ചെലുത്തുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേലുമായി യാതൊരു ആലോചനയുമില്ലാതെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് അവസരമൊരുക്കിയത് നെതന്യാഹുവാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ചേർന്ന് നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിലാണ് യായർ ലാപിഡിന്റെ യേഷ് അതീദ് പാർട്ടി. മുൻപ് പലസ്തീൻ സ്വയംഭരണത്തെ അനുകൂലിച്ചിരുന്ന ലാപിഡ് പുതിയ അധികാര തന്ത്രത്തിന്റെ ഭാഗമായി നിപലാട് മാറ്റി. അടുത്ത കാലത്തൊന്നും ഒരു 'ദ്വിരാഷ്ട്ര പരിഹാരം' സാധ്യമല്ലെന്ന് പ്രഖ്യാപിച്ചു.
യാവർ ലാപിഡിന്റെ രാഷ്ട്രീയ നിലപാടുകളിൽ വന്ന മാറ്റം ഇസ്രായേൽ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന വലിയൊരു വലതുപക്ഷവൽക്കരണത്തിന്റെ കൃത്യമായ പ്രതിഫലനമായി മാറി. ഹമാസ് ആക്രമണത്തോടെ ഉയര്‍ന്ന വലിയ വിദ്വേഷ തരംഗം വോട്ടാക്കി മാറ്റാനുള്ള മത്സരമാണ്. മുൻപ് ലിബറൽ/സെൻട്രിസ്റ്റ് മുഖമായിരുന്നു ലാപിഡ്. ഇപ്പോൾ കൂടുതൽ കടുത്ത ദേശീയതാ നിലപാടുകളിലേക്ക് മാറി. നെതന്യാഹുവിനെ പരാജയപ്പെടുത്തുക എന്നതാണ് ലാപിഡിന്റെ പ്രധാന ലക്ഷ്യം. ഇതിനായി അദ്ദേഹം സഖ്യത്തിലായിരിക്കുന്നത് തീവ്ര വലതുപക്ഷ പശ്ചാത്തലമുള്ള, മുൻപ് വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റ് പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ നഫ്താലി ബെന്നറ്റുമായിട്ടാണ്.
കുറച്ചുകാലം രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന ബെന്നറ്റ്, ഇക്കഴിഞ്ഞ ഏപ്രിലിലാണ് "ടുഗെദർ" എന്ന പേരിൽ ലാപിഡിന്റെ യേഷ് അതീദ് പാർട്ടിയുമായി ചേർന്ന് പുതിയ സഖ്യം പ്രഖ്യാപിച്ചത്. ഈ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ബെന്നറ്റാണ്.
ഈ സഖ്യം മുന്നോട്ട് കൊണ്ടുപോകാനായി പലസ്തീൻ അനുകൂല നിലപാടുകളും ദ്വിരാഷ്ട്ര വാദവും ലാപിഡിന് പൂർണ്ണമായും ഉപേക്ഷിച്ചു. രാജ്യത്തെ റാം പോലുള്ള അറബ് പാര്‍ടികളുമായുള്ള സഖ്യവും ഉപേക്ഷിച്ചു. ഈ സാഹചര്യത്തിൽ ഇസ്രയേൽ രാജ്യത്തിനകത്തെ രാഷ്ട്രീയവും സമാധാന കരാറിൽ നിര്‍ണ്ണായകമായ സ്വാധീനമായി തുടരുകയാണ്.










0 comments