യുദ്ധവെറി അടങ്ങാതെ നെതന്യാഹു; ഗാസയിൽ 18 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ 18 പേർ കൊല്ലപെട്ടതായി റിപ്പോർട്ടുകൾ. ഗാസയിൽ 'ഉടനടി അതിശക്തമായ ആക്രമണം' നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയതിനെ തുടർന്നാണ് വീണ്ടും ആക്രമണം.
ഗാസ സിറ്റിയിലെ സബ്ര പ്രദേശം, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങളിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹം കൈമാറാൻ ഹമാസ് വൈകിക്കുന്നു എന്ന കാരണം പറഞ്ഞാണ് നെതന്യാഹു വീണ്ടും കടന്നാക്രമണത്തിന് ഉത്തരവിട്ടത്. എന്നാൽ, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ കണ്ടെത്താനുള്ള യന്ത്രങ്ങളും വിദഗ്ധ സംഘത്തെയും ഗാസയിൽ പ്രവേശിക്കുന്നതിൽനിന്ന് ഇസ്രയേൽ തടയുകയാണെന്ന് ഹമാസ് വ്യക്തമാക്കി.
68,527 പേരെ കൊലപ്പെടുത്തിയ രണ്ടുവർഷത്തെ വംശഹത്യക്കുശേഷം, ഒക്ടോബർ 10-നാണ് അന്താരാഷ്‌ട്ര സമ്മർദത്തെ തുടർന്ന് വെടിനിർത്തലിന് ധാരണയായത്. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ കെയ്‌റോയിൽ നടന്ന ചർച്ചകളിലാണ് കരാറുണ്ടാക്കിയത്. ഇതോടെ സർവതും നഷ്ടപ്പെട്ട നഗരത്തിലേക്ക് പലസ്തീൻകാർ ജീവൻ മാത്രം ബാക്കിയാക്കി മടങ്ങിയെത്തിയിരുന്നു.
തകർന്നടിഞ്ഞ പ്രദേശത്ത് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഉണ്ടായ ഏറ്റവും വലിയ അക്രമ സംഭവമായിരുന്നു ഇത്.










0 comments