പശ്ചിമേഷ്യൻ സംഘർഷം; നതാൻസ് ആണവകേന്ദ്രം തകർക്കാൻ നീക്കം

ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിലുണ്ടായ ആക്രമണം
തെഹ്റാൻ : അമേരിക്ക - ഇസ്രയേൽ സഖ്യം നതാൻസ് ആണവ സമ്പുഷ്ടീകരണ കേന്ദ്രം ആക്രമിച്ചതായി ഇറാന്റെ ആണവോർജ സംഘടന അറിയിച്ചു. അതേസമയം ആണവ ചോർച്ച റിപോർട്ട് ചെയ്തിട്ടില്ല. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന കടന്നാക്രമണം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇറാന്റെ തലസ്ഥാന നഗരിയായ തെഹ്റാനിൽ രാത്രിയും രാവിലെയും കനത്ത വ്യോമാക്രമണങ്ങൾ നടന്നതായി താമസക്കാർ പറയുന്നു.
തെഹ്റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നതാൻസ് ആണവകേന്ദ്രം അമേരിക്ക എല്ലാക്കലവും ലക്ഷ്യമിടുന്ന ഒന്നാണ്. 2025 ജൂണിൽ ഇറാനും ഇസ്രയേലും തമ്മിലുണ്ടായ യുദ്ധത്തിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് ഇരയായിരുന്നു.
ഇറാനിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന്റെ ആദ്യ ആഴ്ചയിൽ തന്നെ ആക്രമിക്കപ്പെട്ടിരുന്നു. പശ്ചിമേഷ്യയിലേക്ക് അമേരിക്ക സൈന്യത്തെ അയക്കാൻ പ്ലാനൊന്നും ഇല്ലെന്നാണ് ട്രംപ് ഇതിനിടെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്എസ് ട്രിപോളിയുടെ നേതൃത്വത്തിലുള്ള നാവികസേനയെ അമേരിക്ക വിന്യസിച്ചു.
ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകൾ പിൻവലിക്കാനും ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപോർട്ടുകൾ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് അമേരിക്ക - ഇസ്രയേൽ സഖ്യത്തിന്റെ പുതിയ നീക്കം.










0 comments