print edition തിരിച്ചടിച്ച് ഇറാൻ വിറങ്ങലിച്ച് ഇസ്രയേൽ

ഇറാൻ മിസൈൽ ആക്രമണത്തിൽ തകർന്ന സെൻട്രൽ ഇസ്രയേലിലെ റാമത്ത് ഗാനിൽ സുരക്ഷാഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
ടെൽഅവീവ്/തെഹ്‌റാൻ: ലാരിജാനിയേയും വധിച്ചതോടെ പ്രത്യാക്രമണം കടുപ്പിച്ച് ഇറാൻ. ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽഅവീവിൽ കനത്ത പ്രഹരമേറ്റതായാണ് റിപ്പോർട്ടുകൾ. അത്യാധുനികമായ ബഹുപോർമുഖ മിസൈലുകൾ പ്രയോഗിച്ചാണ് ആക്രമണം നടത്തിയത്. റാമത്ത് ഗാനിലും ബനേയി ബരാക്കിലുമായി രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാശനഷ്‌ടങ്ങളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ കർശന ജാഗ്രതയാണ് ഇസ്രയേൽ പുലർത്തുന്നത്. അതേസമയം, 24 മണിക്കൂറിനിടെ 192 പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെൽഅവീവ് വിമാനത്താവളത്തിൽ മൂന്ന് വിമാനത്തിന് കേടുപാടുണ്ടായി.
ഇറാനിൽ ആക്രമണം കടുക്കുന്നു
തുടർച്ചയായ 19–ാം ദിനവും ഇറാനിൽ അറുതിയില്ലാതെ തുടർന്ന് യുഎസ്–ഇസ്രയേൽ ആക്രമണം. ലോറസ്ഥാൻ പ്രവിശ്യയിലെ ദോറുദ് നഗരത്തിലെ ജനവാസമേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേറ്റു. തെക്കൻ ഇറാനിലെ കോടതിക്ക് നേരെയും ആക്രമണമുണ്ടായി. ഇറാനിലെ ഏറ്റവും വലിയ എണ്ണസംഭരണകേന്ദ്രമായ അസലുയെക്കും ബുഷെർ ആണവനിലയത്തിനും ഇസ്രയേൽ ആക്രമണം ഉണ്ടായി.
തെക്കൻ ലെബനനിലേക്കും ബെയ്‌റൂത്തിലേക്കും തുടർച്ചയായ ബോംബ് വർഷമാണ് നടക്കുന്നത്. ബെയ്‌റൂത്തിൽ ബുധനാഴ്‌ചയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. പത്തിലേറെ കെട്ടിടങ്ങൾ തകർന്നു. തെക്കൻ ലെബനനിലെ അൽ അമാന പൈട്രോൾ സ്‌റ്റേഷനും ആക്രമിച്ചു.









0 comments