print edition 'ഗാസ സമാധാന പദ്ധതി' തള്ളി ഇസ്രയേൽ

ടെൽഅവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 15 ഇന ‘ഗാസ സമാധാന പദ്ധതി’ നിരസിച്ച് ഇസ്രയേൽ. പദ്ധതി നിരസിക്കുന്നതായി ഞായറാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ക്യാബിനറ്റ് യോഗത്തിൽ പ്രഖ്യാപിച്ചു. ഹമാസിനെ പൂർണമായി നിരായുധീകരിക്കാതെ ഗാസയിൽ നിന്ന് പിന്മാറ്റം സാധ്യമല്ലെന്നും അതിനാൽ പദ്ധതി അംഗീകരിക്കുന്നില്ലെന്നുമാണ് ഇസ്രയേലിന്റെ വാദം.
പദ്ധതി അംഗീകരിക്കാൻ സന്നദ്ധമാണെന്ന് ഗാസയിലെ ഭരണമൊഴിഞ്ഞ ശേഷം ഹമാസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായി പിന്മാറിയാലേ തങ്ങളുടെ പക്കലുള്ള വലിയ ആയുധങ്ങള്‍ കൈമാറുവെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതി ഇസ്രയേല്‍ നിരാകരിച്ചത് ട്രംപിന് കനത്തതിരിച്ചടിയായി.
ഇസ്രയേൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെങ്കിൽ നിരായുധരാകാൻ ഹമാസ് ഒരാഴ്ചമുമ്പ് സമ്മതിച്ചപ്പോള്‍ "ശാശ്വതമായ സമാധാനത്തിലേക്കുള്ള ചരിത്രപരമായ ചുവടുവയ്-പ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇസ്രയേൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ഗാസയിൽ കടുത്ത നിലപാട് സ്വീകരിക്കാൻ വലതുപക്ഷ സഖ്യകക്ഷികളിൽ നിന്ന് നെതന്യാഹുവിനുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടായി. ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം, ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 19 ലക്ഷം പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ഇത് ഗാസയിലെ ആകെ ജനസംഖ്യയുടെ 90 ശതമാനം വരും. 73000ലേറെ പലസ്തീന്‍കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
വെസ്‌റ്റ്‌ബാങ്കിൽ അധിനിവേശം തുടരുന്നു
അധിനിവേശ വെസ്‌റ്റ്‌ബാങ്കിൽ അവശേഷിക്കുന്ന പലസ്‌തീന്‍ പൗരരെയും ആട്ടിപ്പായിക്കാൻ പദ്ധതികളുമായി ഇസ്രയേൽ. വെസ്‌റ്റ്‌ബാങ്കിലെ കൊച്ചാവ് യാങ്കോവിൽ 627 പാർപ്പിടങ്ങൾ നിർമിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. റാമല്ല, അൽ-ബിറ മേഖലയിൽ 25.37 ഹെക്ടറിലാണ് നിയമവിരുദ്ധ നിർമാണം. ഇതിനായി ഇസ്രയേൽ ലാൻഡ് അതോറിറ്റി വ്യാഴാഴ്ച ടെൻഡർ പ്രസിദ്ധീകരിച്ചു.










0 comments