പലസ്തീനികൾക്ക് ഇനി വധശിക്ഷമാത്രം; വിവാദ നിയമനിർമാണവുമായി ഇസ്രയേൽ

ഇറ്റാമർ ബെൻ-ഗ്വിർ
ടെൽ അവീവ്: കൊലപാതകങ്ങൾ ഉൾപ്പെട്ട ആക്രമണങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പലസ്തീനികൾക്ക് വധശിക്ഷ നിർബന്ധമാക്കി ഇസ്രയേൽ. അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമേ കോടതിക്ക് ഇത് ജീവപര്യന്തമായി കുറയ്ക്കാൻ അധികാരമുള്ളൂ. പുതിയ നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികളുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വിവാദ നിയമത്തിലൂടെ നടപ്പിലാകുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഇസ്രയേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുന്നതിൽ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് പുതിയ നിയമനിർമാണം.
വിധി വന്ന് 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റണമെന്ന വ്യവസ്ഥ ഈ നിയമത്തിലുണ്ട്. ഇതിൽ ചെറിയ ഇളവുകൾക്ക് സാധ്യതയുണ്ടെങ്കിലും പൊതുമാപ്പിന് അവകാശമുണ്ടായിരിക്കില്ല. എന്നാൽ വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവ് നൽകാനുള്ള അധികാരം കോടതികൾക്കുണ്ടാകും.
ഇറ്റാമർ ബെൻ-ഗ്വിർ എന്ന തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രിയാണ് പുതിയ നിയമം രൂപകൽപ്പന ചെയ്തത്. നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. പലസ്തീനികൾക്കെതിരായ വിവേചനപരമായ നിയമമാണെന്ന് ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വോട്ടെടുപ്പിന് മുൻപ് തന്നെ പ്രതികരിച്ചു.
കൊലപാതക കുറ്റങ്ങൾക്കുള്ള വധശിക്ഷ 1954ൽ ഇസ്രയേൽ നിർത്തലാക്കിയതാണ്. അതിനുശേഷം ഇസ്രായേലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വ്യക്തി നാസി കുറ്റവാളിയായ അഡോൾഫ് എയ്ച്ച്മാൻ (1962) മാത്രമാണ്. സൈനിക കോടതികൾക്ക് വധശിക്ഷ നൽകാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിരുന്നില്ല.
2007ൽ വംശീയ പ്രകോപനത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് നിലവിലെ മന്ത്രിയായ ബെൻ-ഗ്വിർ. കഴിഞ്ഞ മൂന്ന് വർഷമായി ഇസ്രയേൽ ജയിലുകളിൽ നൂറിലധികം പലസ്തീൻ തടവുകാർ കൊല്ലപ്പെട്ടതായി പലസ്തീൻ പ്രിസണേഴ്സ് ക്ലബ് മേധാവി അബ്ദുള്ള അൽ സുഗാരി ആരോപിച്ചു.










0 comments