ad
Deshabhimani

print edition വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; വെടിനിർത്തൽ തള്ളി ഹിസ്ബുള്ള

LebanonIsrael
വെബ് ഡെസ്ക്

Published on Jun 05, 2026, 12:00 AM | 1 min read

ബെയ്റൂത്ത്‌: വാഷിങ്‌ടണിൽ യുഎസ്‌ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിന്‌ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ധാരണയിലെത്തി 24 മണിക്കൂർ തികയും മുൻപേ ലെബനനിൽ വ്യാപക വ്യോമാക്രമണവുമായി ഇസ്രയേൽ. നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ കരാർ പൂർണമായി പ്രാബല്യത്തിൽവരുന്നതിന് മുൻപാണ് ഇസ്രയേൽ വീണ്ടും ലെബനനെ ചോരയിൽ മുക്കിയത്.


ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലും ലെബനൻ സർക്കാരും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ പൂർണ്ണമായി തള്ളി ഹിസ്‌ബുള്ള രംഗത്തെത്തി. വെടിനിർത്തൽ ധാരണ ലെബനനെ സംബന്ധിച്ച് 'പരാജയവും കീഴടങ്ങലുമാണ്' എന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസിം പ്രതികരിച്ചു. ഇസ്രായേൽ ബോംബാക്രമണം നിർത്താത്ത പക്ഷം വടക്കൻ ഇസ്രയേൽ നിരന്തരം ഹിസ്ബുള്ളയുടെ ഭീഷണിയിലായിരിക്കും. അധിനിവേശം നിലനിൽക്കുന്നിടത്തോളം കാലം പ്രതിരോധം അവസാനിപ്പിക്കാൻ തങ്ങൾ ആർക്കും ഒരു ഉറപ്പും നൽകിയിട്ടില്ലെന്നും നയീം ഖാസിം വ്യക്തമാക്കി.


ലെബനൻ പ്രദേശത്തുനിന്ന് ഇസ്രയേൽ പിന്മാറാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പറഞ്ഞു. ഫെബ്രുവരി 28ന്‌ യുഎസും ഇസ്രയേലും ചേർന്ന് ആരംഭിച്ച സംയുക്ത ആക്രമണത്തിന് മുൻപുള്ള അതിർത്തി സ്ഥാനങ്ങളിലേക്ക് ഇസ്രയേൽ സൈന്യം പൂർണ്ണമായി പിന്മാറണമെന്നാണ് ഹിസ്ബുള്ളയുടെ മിനിമം ആവശ്യമെന്ന് ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ വ്യക്തമാക്കി.



വെടിനിർത്തൽ തെറ്റെന്ന്‌ ഇസ്രയേൽ മന്ത്രി


അമേരിക്കയുടെ മധ്യസ്ഥതയിൽ ലെബനനുമായി വെടിനിർത്തൽ കരാർ ഒപ്പുവച്ചതിനെ രൂക്ഷമായി വിമർശിച്ച് ഇസ്രയേലി ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വീർ. വെടിനിർത്തൽ ‘ഗുരുതരമായ തെറ്റാണെന്ന്' വ്യാഴാഴ്ച തീവ്രവലതുപക്ഷ നേതാവ്‌ എക്സിൽ കുറിച്ചു. ഉപദേശകരുടെ വ്യാമോഹങ്ങളാണ് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതെന്നും ബെൻഗ്വീർ കുറ്റപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home