ad
Deshabhimani

ഇസ്രയേലിലെ വധശിക്ഷാ നിയമം; വംശഹത്യയുടെ പുതിയ അധ്യായം

Protest against death penalty in Israel

പലസ്തീൻ തടവുകാർക്ക് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ നെതർലൻഡ്‌സിലെ റോട്ടർഡാമിൽ നൂറുകണക്കിനാളുകൾ അണിനിരന്ന പ്രതിഷേധത്തിൽ ഉയർന്ന പ്ലക്കാർഡ്. (Image Courtesy - AFP)

വെബ് ഡെസ്ക്

Published on Apr 03, 2026, 12:03 PM | 1 min read

ജറുസലേം : പലസ്തീൻ മണ്ണിൽ ചോരപ്പുഴയൊഴുക്കുന്ന ഇസ്രയേൽ ഭരണകൂടം ഇപ്പോൾ നിയമവിധേയമായ നരഹത്യക്ക് ഒരുങ്ങുകയാണ്. പലസ്തീനുകാരെ ലക്ഷ്യം വച്ച് ഇസ്രയേൽ പാർലമെൻ്റായ നെസെറ്റ് പാസാക്കിയ പുതിയ വധശിക്ഷാ നിയമം അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ലോകരാഷ്ട്രങ്ങൾ കുറ്റപ്പെടുത്തി.


'അപ്പാർത്തീഡ്' അഥവാ വർണ്ണവിവേചനം ഭരണകൂടത്തിൻ്റെ ക്രൂരമായ മുഖമാണെന്ന് ഈ നിയമത്തിലൂടെ ഒരിക്കൽ കൂടി വെളിവാകുകയാണ്. വെസ്റ്റ് ബാങ്കിലെ പലസ്തീനുകാരെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ഈ നിയമം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറൻ്റ് നേരിടുന്ന ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിൻ്റെയും ഗൂഢാലോചനയാണ്. വധശിക്ഷാ നിയമം പാസാക്കിയതിനെ ഷാംപെയ്ൻ ഒഴുക്കിയാണ് ഇസ്രായേൽ മന്ത്രിമാർ ആഘോഷിച്ചത്.


ഇസ്രയേൽ പൗരന്മാർക്ക് ഇളവുകൾ നൽകുമ്പോൾ പലസ്തീനുകാർക്ക് വധശിക്ഷ നിർബന്ധമാക്കുന്ന രീതിയിലാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടില്ലെങ്കിലും കോടതികൾക്ക് വധശിക്ഷ വിധിക്കാം. ഇതിൽ മാപ്പിന് അപേക്ഷിക്കാൻ പോലും അവകാശമുണ്ടാകില്ല.

96 ശതമാനവും കുറ്റസ്ഥാപനം നടത്തുന്ന സൈനിക കോടതികൾ വഴിയാണ് വിചാരണ. പീഡനത്തിലൂടെ നേടിയെടുക്കുന്ന തെളിവുകൾ വെച്ച് 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പിലാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.


വെസ്റ്റ് ബാങ്കിലെ അധിനിവേശം ഉറപ്പിക്കാനുള്ള നീക്കമാണിതെന്ന് ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകി. പലസ്തീനുകാരെ കൊന്നൊടുക്കുന്ന ഇസ്രയേൽ കുടിയേറ്റക്കാർക്ക് ഭരണകൂടം പൂർണ സംരക്ഷണം നൽകുമ്പോഴാണ് പ്രതിരോധം തീർക്കുന്ന പലസ്തീൻ ജനതയെ നിയമപരമായി വധിക്കാൻ തുനിയുന്നത്. 2020ന് ശേഷം ഒരൊറ്റ ഇസ്രയേൽ പൗരൻ പോലും പലസ്തീനികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ഇസ്രയേലിലെ നീതിന്യായ വ്യവസ്ഥയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.


ഗാസയിലെ വംശഹത്യക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് നെതന്യാഹു സർക്കാർ ശ്രമിക്കുന്നത്. ആഗോളതലത്തിൽ പ്രതിഷേധം ഉയരുമ്പോഴും ഇസ്രയേലിന് ആയുധവും പിന്തുണയും നൽകുന്ന അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഈ നരവേട്ടക്ക് കൂട്ടുനിൽക്കുകയാണെന്ന് വിമർശനമുയരുന്നു. 1962ൽ നാസി കുറ്റവാളി അഡോൾഫ് ഐക്മാനെ തൂക്കിലേറ്റിയ ശേഷം ഇസ്രായേൽ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. എന്നാൽ ആറര പതിറ്റാണ്ടിന് ശേഷം കൊലക്കയർ തിരിച്ചുകൊണ്ടുവരുന്നത് പലസ്തീൻ്റെ ചെറുത്തുനിൽപ്പിനെ തകർക്കാനാണെന്ന് വ്യക്തം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home