ad
Deshabhimani

പുതിയ ഇറാൻ ഭരണകൂടം കൂടുതൽ അപകടകാരിയെന്ന് ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ട്; തകർന്നടിഞ്ഞ് ട്രംപിന്റെ വാദങ്ങൾ

mojtaba trump
വെബ് ഡെസ്ക്

Published on Apr 11, 2026, 01:56 PM | 1 min read

ടെൽ അവീവ്: ഇറാനിൽ അധികാരമേറ്റ പുതിയ ഭരണകൂടം മുൻപത്തേക്കാൾ തീവ്രമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേന. ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിലെ വിദേശകാര്യ-പ്രതിരോധ കമ്മിറ്റികൾക്ക് മുൻപാകെ സമർപ്പിച്ച രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഇറാനിൽ നിന്നുള്ള ഭീഷണി വർധിച്ചതായി ഐഡിഎഫ് മുന്നറിയിപ്പ് നൽകിയത്.


ശക്തമായ സൈനിക നീക്കങ്ങളിലൂടെ ഭരണകൂടത്തെ തളർത്താൻ ശ്രമിച്ചെങ്കിലും ഇറാൻ കൂടുതൽ കർക്കശമായ പ്രതിരോധത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു.


ഇതിന് പിന്നാലെ മൊജ്തബ ഖമനേയിയെ പുതിയ നേതാവായി ഇറാൻ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ് മൊജ്തബ ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ ഭരണകൂടം മുൻപത്തേക്കാൾ പ്രഹരശേഷിയുള്ളതാണെന്ന വിലയിരുത്തൽ പുറത്തുവരുന്നത്.


തിരിച്ചടിയെന്നോണം ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതോടെ മേഖലയിലെ സംഘർഷം അതിസങ്കീർണ്ണമായ അവസ്ഥയിലാണ്. അതേസമയം, യുദ്ധം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇസ്രയേലിനുള്ളിൽ പ്രതിഷേധം ശക്തമാകുകയാണ്.


നയതന്ത്ര ലക്ഷ്യങ്ങൾ നേടുന്നതിലോ ബന്ദികളെ മോചിപ്പിക്കുന്നതിലോ സർക്കാർ വിജയിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം ഇറാനെ തകർത്തു എന്ന പൊള്ളയായ വാദങ്ങളാണ് ട്രംപ് ഇത്രയും ദിവസം ഉയർത്തിയിരുന്നത്. ആ വാദങ്ങൾ പൊലിയുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home