ഇറാനെ ശ്വാസം മുട്ടിക്കാൻ ഇസ്രയേൽ; എണ്ണ സംഭരണശാലകൾക്ക് ബോംബിട്ടു, വന്‍ നാശനഷ്ടം

തെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലെ വൻകിട എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രയേൽ ആക്രമണം. ഇറാന്റെ ആഭ്യന്തര ഇന്ധന വിതരണ ശൃംഖലയെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. അമേരിക്കയുടെ പിന്തുണയോടെ നടത്തിയ നീക്കത്തിൽ ഡസൻ കണക്കിന് കൂറ്റൻ സ്റ്റോറേജ് ടാങ്കുകളാണ് തകർക്കപ്പെട്ടത്. ഇതാദ്യമായാണ് തെഹ്‌റാനിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാകുന്നത്. ഇതിനെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തീപിടുത്തവും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ സൈനിക നീക്കങ്ങൾ തടസ്സപ്പെടുത്തുന്നതിനൊപ്പം ഗതാഗതം, വൈദ്യുതി ഉൽപ്പാദനം എന്നിവ മരവിപ്പിക്കുകയാണ് ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം. ജനസാന്ദ്രതയേറിയ തലസ്ഥാനത്തിന് സമീപമുള്ള ഷഹർ-ഇ റേ റിഫൈനറി കോംപ്ലക്സ്, ഷഹ്രാൻ, കറജ് എന്നിവിടങ്ങളിലെ ഡിപ്പോകൾ തകർന്നതോടെ രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം ഉണ്ടാകാനാണ് സാധ്യത. ഇറാന്റെ ഭരണകൂടത്തിന് മേൽ ആഭ്യന്തര സമ്മർദ്ദം ശക്തമാക്കുക എന്ന നീക്കവും ഇതിനുപിന്നിലുണ്ട്. അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി കേന്ദ്രങ്ങളെ നിലവിൽ ആക്രമിച്ചിട്ടില്ലാത്തതിനാൽ ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ തൽക്കാലം ഒഴിവായിട്ടുണ്ട്.
ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകരുകയോ അവർ കീഴടങ്ങാൻ തയ്യാറാവുകയോ ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ നീക്കത്തിന് മറുപടിയായി ഹോർമുസ് കടലിടുക്കിലെ എണ്ണ നീക്കം തടസ്സപ്പെടുത്താനോ ഗൾഫ് മേഖലയിലെ മറ്റ് എണ്ണ പ്ലാന്റുകൾക്ക് നേരെ ആക്രമണം നടത്താനോ ഇറാൻ തുനിഞ്ഞേക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നു.









0 comments