ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 4 പേർ കൂടി കൊല്ലപ്പെട്ടു, മരണസംഖ്യ 634 ആയി

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസമേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണം
ബെയ്റൂട്ട്: ലെബനന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ വിവിധയിടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ നാലുപേർ കൂടി കൊല്ലപ്പെട്ടതായി ലെബനൻ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബിന്റ് ജ്ബൈൽ ജില്ലയിലെ ദെയർ അക്തർ പട്ടണത്തിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടയറിലെ മഅറഖ ജംഗ്ഷനിലുള്ള ഒരു നാലുനില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് മറ്റു രണ്ടുപേർ കൂടി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം ടയർ ജില്ലയിലെ ബുർജ് ഷമാലിയിലുണ്ടായ ആക്രമണത്തിൽ ഒരു അമ്മയും അവരുടെ മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനുപുറമെ ബാൽബെക്ക് ജില്ലയിലെ ഷാത്ത് പട്ടണത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ എട്ടുപേരും കൊല്ലപ്പെട്ടു. ഫെബ്രുവരി 28 മുതൽ ഇസ്രയേൽ ലെബനനിൽ തുടരുന്ന സൈനിക നടപടികളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 634 ആയി ഉയർന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിർത്തി ഗ്രാമങ്ങളിൽ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം ശക്തമാക്കുന്നത് മേഖലയിൽ വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.










0 comments