50 യുദ്ധവിമാനങ്ങള്‍; ഇറാന്റെ ഹൃദയഭാഗത്ത് ഇസ്രയേൽ ആക്രമണം, ഖമനേയിയുടെ ഭൂഗർഭ ബങ്കർ തകർത്തു

തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിക്കായി നിർമ്മിച്ച അതീവ സുരക്ഷയുള്ള ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രയേൽ വ്യോമസേന. വെള്ളിയാഴ്ച പുലർച്ചെ നടന്ന മിന്നലാക്രമണത്തിൽ ഏകദേശം 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസും മൊസാദും നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. തെഹ്‌റാനിലെ ഭരണകൂട ആസ്ഥാനത്തിന് താഴെ നിർമ്മിച്ചിരുന്ന ബങ്കർ ഖമനേയിയുടെ അടിയന്തര സൈനിക നീക്കങ്ങൾക്കായുള്ള സുരക്ഷിത താവളമായിരുന്നു. ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഇത് പ്രവർത്തന കേന്ദ്രമാക്കിയിരുന്നു.
നഗരഹൃദയത്തിലെ തെരുവുകളോളം വ്യാപിച്ചുകിടക്കുന്ന ഈ ബൃഹത്തായ ബങ്കർ സമുച്ചയം വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഇറാൻ വികസിപ്പിച്ചെടുത്തത്. ബങ്കർ തകർന്നതോടെ ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം തകരാറിലായതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 86-ാം വയസ്സിൽ കൊല്ലപ്പെട്ട ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാൻ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തു. അതേസമയം, സമുദ്രമേഖലയിലും കനത്ത പ്രത്യാക്രമണങ്ങൾ നടന്നു. ഇറാന്റെ അത്യാധുനിക ഡ്രോൺ വിമാനവാഹിനി കപ്പലായ ഐആർഐഎസ് ഷാഹിദ് ബാഘേരി യുഎസ് ആക്രമണത്തിൽ തകർന്നു. കൂടാതെ ശ്രീലങ്കൻ തീരത്ത് വച്ച് ഇറാന്റെ യുദ്ധക്കപ്പൽ യുഎസ് മുങ്ങിക്കപ്പൽ തകർക്കുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കയുടെ ബി-2 സ്റ്റെൽത്ത് ബോംബറുകൾ ഇറാന്റെ ഭൂഗർഭ മിസൈൽ ലോഞ്ചറുകളിൽ ശക്തമായ ബോംബാക്രമണം നടത്തി. നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ മാത്രം 1,230 പേർ ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.









0 comments