ഇറാനെ വീഴ്ത്താനായി തുടങ്ങി; യുദ്ധ കുരുക്കിലകപ്പെട്ട് യുഎസ്

ഇസ്രയേലിനെ കൂട്ടുപിടിച്ച് തീക്കളിക്കിറങ്ങി ഉൗരാക്കുടുക്കിൽപ്പെട്ട അമേരിക്കയുടെ രാഷ്ട്രീയപരാജയത്തിന്റെ പരസ്യപ്രഖ്യാപനമാണ് കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിൽ കാണാനായിരിക്കുന്നത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ആദ്യമായി അമേരിക്കയുടെയും ഇറാന്റെയും ഉന്നതനേതാക്കൾ മുഖാമുഖം ചർച്ചയ്ക്കിരുന്നത്, പശ്ചിമേഷ്യയെ ചോരയിൽ മുക്കിയും ഉപരോധങ്ങൾകൊണ്ട് ശ്വാസംമുട്ടിച്ചും ഇറാനെ തകർക്കാമെന്ന സാമ്രാജ്യത്വമോഹങ്ങൾക്ക് കനത്ത പ്രഹരമേറ്റെന്ന് വ്യക്തമാക്കുന്ന കാഴ്ചയായിരുന്നു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇറാനെ അവസാനിപ്പിച്ച് എണ്ണയും കെെക്കലാക്കി മിടുക്കനാകാമെന്നായിരുന്നു ട്രംപിന്‍റെ മോഹം. എന്നാൽ തിരിച്ചുവരവിന്റെ ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇറാൻ കാഴ്ചവെച്ചത്.ഒരർഥത്തിൽ അയത്തൊള്ള ഖമനേയയെ ഇല്ലാതാക്കിയതായിരുന്നു യുഎസിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായി മാറിയതെന്ന് നമുക്ക് വിലയിരുത്തേണ്ടിയിരിക്കുന്നു. ഇറാൻ ജനതയുടെ വെെകാരികതയെ ചോദ്യംചെയ്ത പ്രവൃത്തിയായിരുന്നു ഖമനേയിയുടെ വധവും നൂറിലധികം വിദ്യാർഥികളെ അമേരിക്ക കൊന്നൊടുക്കിയതും.
അപ്പോഴും യുഎസ്–ഇറാൻ കരാറിന്റെ ഭാഗമേയല്ല ലെബനൻ എന്നു പ്രഖ്യാപിച്ച ഇസ്രയേൽ ആക്രമണം ശക്തമായി തുടർന്നു. ആദ്യവട്ടചർച്ചകൾ പാളിയശേഷം അമേരിക്ക ഇപ്പോൾ ഇറാനെ സമീപിച്ചിരിക്കുന്നത് ലെബനനിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കിയശേഷമാണ്.പശ്ചിമേഷ്യയിലെ സമാധാനത്തിന് അമേരിക്കയുമായുള്ള ചർച്ചക്ക് ലെബനനിലെ വെടിനിർത്തൽ അനിവാര്യമാണെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതാണ് നിർണായകമായത്. അങ്ങനെ ഇറാന്റെ വാക്കുകൾ കേൾക്കാൻ നിർബന്ധിതമായ യുഎസ് ,യുഎസ് - ഇറാൻ കരാറിൽ ലെബനനും ഇസ്രയേലുമായും ബന്ധമില്ലെന്ന് ഇസ്രയേൽ പറഞ്ഞെങ്കിലും രൂക്ഷമായ പോരാട്ടം നടക്കുന്ന ആ രണ്ട് രാജ്യങ്ങൾ തമ്മിലുമുള്ള വെടിനിർത്തലിനും ഇറാൻ തന്നെയായിരുന്നു വഴിത്തിരിവായത്. യുദ്ധത്തെ ചെറുക്കുക എന്നതിനപ്പുറം ലോകപൊലീസ് കളിക്കുന്ന അമേരിക്കയെ ചൊൽപ്പടിക്ക് നിർത്തുക കൂടി ചെയ്തിരിക്കുന്ന ഇറാൻ.
നാലരപ്പതിറ്റാണ്ടായി ഇറാനെ തകർക്കാൻ അമേരിക്ക സ്വീകരിക്കാത്ത മാർഗങ്ങളില്ല. സാമ്പത്തിക ഉപരോധം, സൈനികഭീഷണി, ശാസ്ത്രജ്ഞരെ വധിക്കൽ തുടങ്ങി എല്ലാ കുടിലതന്ത്രങ്ങളെയും അതിജീവിച്ച് ഇറാൻ ഉയർത്തിയ പ്രതിരോധമാണ് അമേരിക്കയെ വെട്ടിലാക്കിയത്. ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിച്ച അമേരിക്കയ്ക്ക് തങ്ങൾ അകപ്പെട്ട പ്രതിസന്ധിയിൽനിന്ന് കരകയറാൻ അതേ ഇറാന്റെ സഹായം ആവർത്തിച്ച് തേടേണ്ടിവന്നിരിക്കുന്നു.ഇസ്ലാമാബാദിൽ സമാധാനചർച്ച പ്രഖ്യാപിച്ചയുടൻ ലെബനനിൽ രൂക്ഷമായ ആക്രമണം നടത്തി നാന്നൂറോളംപേരെ കൊന്നൊടുക്കുകയാണ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിലും യുഎസ്–ഇറാൻ ചർച്ചകൾ ഫലപ്രാപ്‌തിയിലേക്ക് നീങ്ങവേയാണ് ഇസ്രയേൽ ഇറാനുനേരെ ആക്രമണം നടത്തി സമാധാനനീക്കം അട്ടിമറിച്ചത്.
എന്നാൽ, ഇത്തവണ അതു പാളി. ലെബനനിലെ ആക്രമണം നിർത്താതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന ഇറാന്റെ നിലപാട് അംഗീകരിക്കേണ്ടിവന്നു.അമേരിക്കൻ സാമ്രാജ്യത്വം ഭീഷണി തുടരുമ്പോഴും തങ്ങളുടെ ആത്മാഭിമാനവും പരമാധികാരവും പണയപ്പെടുത്തി ഒരു കരാറിനും തയ്യാറല്ലെന്ന ഇറാന്റെ പ്രഖ്യാപനം വിജയം കാണുന്നത് മറ്റു രാജ്യങ്ങൾക്ക് വലിയ പാഠമാണ്.
മാന്യവും സന്തുലിതവുമായ കരാറിന് ഇറാൻ എല്ലായ്‌പ്പോഴും സന്നദ്ധമായിരുന്നു. എന്നാൽ, ഭീഷണികളെ അതേ നാണയത്തിൽ നേരിടുമെന്നും പ്രഖ്യാപിച്ചു.










0 comments