ഹോർമുസ് അമേരിക്കയ്ക്ക് തലവേദനയാകുന്നു; ചെെനീസ് നിലപാട് നിർണായകം

തെഹ്റാൻ/ വാഷിംഗ്ടൺ: യുഎസ്- ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുകൾ ചെെന നൽകിയിട്ടും യുദ്ധത്തിന് ഒരുതരത്തിലും അയവ് വരുത്താതിരുന്ന യുഎസ് ഹോർമുസ് വിഷയത്തിൽ ചെെനയുടെ സഹായം തേടുന്നു. കൂട്ടക്കൊലകൾ നടത്തി ഇറാനെ തകർത്തില്ലാതാക്കാമെന്നായിരുന്നു ഇസ്രയേലും - യുഎസും കരുതിയിരുന്നത്. എന്നാൽ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാൻ കൂടുതൽ ശക്തമായി ഉയർത്തെഴുന്നേൽക്കുകയായിരുന്നു.
എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയാലും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ആര് ഇടപെട്ടാലും ശക്തിയായി എതിർക്കുമെന്ന് സംഘർഷവുമായി ബന്ധപ്പെട്ട് ചൈന പ്രതികരിച്ചിരുന്നു. പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനേയിയെ നിയമിക്കാനുള്ള തീരുമാനം ഇറാന്റെ ആഭ്യന്തരകാര്യമാണെന്നും, ആ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുജ്തബ ഖമേനിയെയും വാഴിക്കില്ലെന്ന് അമേരിക്കയും ഇസ്രയേലും പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താസമ്മേളനത്തിലാണ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്.
പരമോന്നത നേതാവിനെ ഇറാൻ തെരഞ്ഞെടുത്ത് അവരുടെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതിൽ പുറത്തുനിന്നുള്ള സമ്മർദ്ദമോ ഇടപെടലോ ഉണ്ടാകാൻ പാടില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെടാറില്ല. ഇറാന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കപ്പെടണമെന്നും ഗുവോ ജിയാകുൻ കൂട്ടിച്ചേർത്തു.മേഖലയിലെ സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും, എത്രയും വേഗം ചർച്ചകളിലേക്കും അനുരഞ്ജനങ്ങളിലേക്കും കടക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ചയായിരുന്നു ഇത്തരത്തിൽ ശക്തമായ നിലപാട് ചെെന സ്വീകരിച്ചത്. എന്നാൽ യുഎസും ഇസ്രയേലും വഴങ്ങിയില്ല. അവർ യുദ്ധം തുടർന്നുകൊണ്ടേ ഇരുന്നു.
എന്നാൽ ഹോർമൂസ് കിറാമുട്ടിയായതോടെ ചെെനയുടെ സഹായം വീണ്ടും തേടേണ്ട സ്ഥിതിയിലായിരിക്കുകയാണ് അമേരിക്ക. സെെനിക നടപടി അവസാനിപ്പിക്കണമെന്നാണ് ഇതിന് മറുപടിയായി ചെെന വീണ്ടും പ്രതികരിച്ചു. യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ നടത്തിയ സുപ്രധാന ജലപാത അടച്ചുപൂട്ടൽ ആഗോള ഊർജ്ജ, വ്യാപാര പ്രവാഹങ്ങൾക്ക് തിരിച്ചടിയായി മാറിയിരുന്നു. ഇത് എണ്ണ വിതരണ തടസ്സത്തിനും ആഗോള എണ്ണ വില കുതിച്ചുയരാനും കാരണമായി. തുടർന്ന് ഉപരോധം നേരിടുന്ന റഷ്യൻ എണ്ണ വാങ്ങാൻ വിവിധ രാജ്യങ്ങൾക്ക് അമേരിക്ക അനുമതിയും നൽകി. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കും യുഎസ് സമാനമായ ഇളവ് അനുവദിച്ചിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിന് കർശനമായ നിരോധനം ഇന്ത്യക്കടക്കം ഏർപ്പെടുത്തിയ യുഎസ് ആണ് ഇറാന്റെ നിർണായക നീക്കത്തിൽ നിലപാടിൽ നിന്നും മാറുകയുണ്ടായത്. ഓരോ ദിവസം കഴിയുന്തോറും വിവിധ രാജ്യങ്ങൾക്ക് ഇന്ധനമടക്കമുള്ള ചരക്കുകൾ കെെമാറ്റം ചെയ്യാനാകാത്തത് അമേരിക്കയ്ക്കെതിരായ അതിശക്തമായ വിമർശനമായി യൂറോപ്പ് പോലും ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് എങ്ങനെയെങ്കിലും ഹോർമൂസ് തുറക്കണമെന്ന ആവശ്യവുമായി യുഎസ് ചെെനയെ സമീപിച്ചിരിക്കുന്നത്. ചെെന വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് സംഘർഷത്തിൽ നിർണായകമാകും.
യുദ്ധം ഏത് ദിശയിലേക്ക് നീങ്ങും എന്നതിന്റെ ദിശാസൂചകം കൂടിയാകാനായിരിക്കാം ചെെനയുടെ നിലപാട് കാരണമാകുക. ചൈനീസ് കറൻസിയായ യുവാനിൽ ഇടപാട് നടത്തുന്ന എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. തന്ത്രപ്രധാന ജലപാതയിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കാനുള്ള ഇറാന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.നിലവിൽ ആഗോള എണ്ണ വ്യാപാരം ഡോളറിലാണ് നടക്കുന്നത്. രാജ്യങ്ങൾ ഇറാന്റെ നിർദേശത്തിന് വഴങ്ങിയാൽ ആഗോള ഇറക്കുമതി–കയറ്റുമതി ബന്ധം പുതിയ തലത്തിലെത്തും. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താവായ ചൈനയുമായുള്ള ഇറാന്റെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും ഈ തന്ത്രം സഹായിക്കും.










0 comments