ad
Deshabhimani

ഇസ്ലാമബാദിൽ സമ്പൂർണ്ണ ലോക്ഡൗൺ; യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് കനത്ത സുരക്ഷ

Islamabad.jpg
വെബ് ഡെസ്ക്

Published on Apr 11, 2026, 09:59 AM | 1 min read

ഇസ്ലാമബാദ്: പശ്ചിമേഷ്യൻ സമാധാനത്തിന് വഴിതുറക്കുമെന്ന് ലോകം പ്രതീക്ഷിക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് മുന്നോടിയായി പാക് തലസ്ഥാനമായ ഇസ്ലാമബാദിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. അതീവ സുരക്ഷാ പ്രാധാന്യമുള്ള ചർച്ചകൾ സുഗമമായി നടത്തുന്നതിന്റെ ഭാഗമായി നഗരം പൂർണ്ണമായും സൈനിക-പൊലീസ് നിയന്ത്രണത്തിലാണ്.


10,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ചർച്ചാ വേദിക്കും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. ചർച്ചയുടെ ഭാഗമായി ഇസ്ലാമാബാദിലെ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റെഡ് സോൺ മേഖലയിൽ പട്രോളിംഗ് ശക്തമാക്കിയ അധികൃതർ പ്രധാന റോഡുകളെല്ലാം അടച്ചു.


യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫും തമ്മിലുള്ള പ്രാഥമിക ചർച്ചകൾ ഇന്ന് ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന ആദ്യഘട്ട കൂടിക്കാഴ്ച ദിവസങ്ങളോളം നീണ്ടുനിന്നേക്കാം. സമാധാന ധാരണയുടെ ഭാഗമായി ഇറാൻ മുന്നോട്ടുവെച്ച പത്തൊൻപതിന ആവശ്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമാകും.


വാഷിംഗ്ടണിൽ നിന്ന് പുറപ്പെടുമ്പോൾ അതീവ ശുഭപ്രതീക്ഷയിലാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സംസാരിച്ചത്. "ഇറാൻ നല്ല വിശ്വാസത്തോടെയാണ് ചർച്ചയ്ക്ക് എത്തുന്നതെങ്കിൽ ഞങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കും. എന്നാൽ ചർച്ചകളെ വഴിതിരിച്ചുവിടാനോ അടവുകൾ പയറ്റാനോ ആണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ല," വാൻസ് വ്യക്തമാക്കി.


പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശങ്ങളുമായാണ് യുഎസ് സംഘം പാകിസ്ഥാനിലെത്തിയിരിക്കുന്നത്. രണ്ടാഴ്ചയായി പശ്ചിമേഷ്യയിൽ തുടരുന്ന കടുത്ത സംഘർഷാവസ്ഥയ്ക്ക് ഇസ്ലാമാബാദിലെ മേശയ്ക്കിപ്പുറം പരിഹാരമുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home